തിരുവനന്തപുരം: ശബരിമല തീര്‍ഥാടകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി നേരിട്ട് പമ്പയിലെത്തി യോഗം വിളിക്കണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ സംവിധാനങ്ങളുടെ കാര്യത്തില്‍ നിലവിലെ പരാതികള്‍ക്ക് ആഭ്യന്തര-ദേവസ്വം വകുപ്പുകള്‍ പരസ്‌പരം പഴിചാരുകയാണ്. അതു പോലെ ശബരിമലയിലേക്കുള്ള കെഎസ്ആര്‍ടിസി സ്‌പെഷല്‍ സര്‍വീസുകളെ കുറിച്ച് തീര്‍ഥാടകരുടെ പരാതികള്‍ ദിനം പ്രതി വര്‍ധിച്ചു വരികയാണ്.
ആവശ്യാനുസരണം സ്‌പെഷല്‍ ബസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നില്ലെന്നു മാത്രമല്ല, മോശപ്പെട്ട ബസുകളാണ് സര്‍വീസിന് അയച്ചിരിക്കുന്നത്. ബസുകളില്‍ തീര്‍ഥാടകരെ കുത്തി നിറച്ചാണ് കൊണ്ടു പോകുന്നത്. ഇക്കാരണത്താല്‍ പകലും രാത്രിയും ദീര്‍ഘ യാത്ര ചെയ്യുന്നവര്‍ക്ക് യാത്ര ദുരിതപൂര്‍ണമാകുന്നു.
തീര്‍ഥാടകരില്‍ നിന്നും അമിത ചാര്‍ജാണ് കെഎസ്ആര്‍ടിസി ഈടാക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ ഈ ചൂഷണം അവസാനിപ്പിച്ചിരുന്നതാണ്. പമ്പയില്‍ നിന്ന് നിലയ്ക്കലിലേക്ക് കണ്ടക്‌ടറില്ലാതെ കെഎസ്ആര്‍ടിസി നടത്തുന്ന പരീക്ഷണം അന്യ സംസ്ഥാനത്തെ തീര്‍ഥാടകരെ വലയ്ക്കുന്നു.
ഇങ്ങനെ പോയാല്‍ മണ്ഡലപൂജ, മകരവിളക്ക് സമയങ്ങളില്‍ പ്രശ്‌നങ്ങള്‍ അത്യന്തം രൂക്ഷമാകാനാണ് സാധ്യത. അതുകൊണ്ട് മുഖ്യമന്ത്രി പമ്പയും നിലയ്ക്കലും സന്ദര്‍ശിച്ചശേഷം പമ്പയില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ച് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ വൈകരുതെന്ന് ചെന്നിത്തല ആവവശ്യപ്പെട്ടു.