തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് സ്വകാര്യകമ്പനിയുമായി കരാര്‍ നല്‍കാനുള്ള വിവാദ തീരുമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ആരോപണങ്ങളോട് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയത് പരസ്‌പര വിരുദ്ധ മറുപടികളാണ്. ഇത് ദുരൂഹമാണെന്നും താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന് മറുപടിയില്ലെന്നും ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിനു പകരം രാഷ്ട്രീയം പറയുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ചതു കൊണ്ട് എന്തും സംസ്ഥാനത്ത് ചെയ്യാമെന്ന് കരുതരുതെന്നും മത്സ്യ തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുന്ന ഇപ്പോഴത്തെ തീരുമാനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇ.എം.സി.സി ഇന്‍റര്‍നാഷനലിന്‍റെ സി.ഇ.ഒ ഡുവന്‍ ഇ. ഗെരന്‍സര്‍ എന്ന അമേരിക്കന്‍ പൗരനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും ഇത് തെറ്റാണെങ്കില്‍ മുഖ്യമന്ത്രി ഇക്കാര്യം നിഷേധിക്കണമെന്നും ചെന്നിത്തല ആരോപിച്ചു.
ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാതെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ ആരോപണം ഉന്നയിക്കാനാണ് മന്ത്രിമാര്‍ ശ്രമിക്കുന്നത്. പച്ചക്കള്ളം പറയാന്‍ പ്രതിപക്ഷ നേതാവിന് യാതൊരു ഉളുപ്പുമില്ലെന്നാണ് മന്ത്രി മേഴ്‌സികുട്ടിയമ്മ പറഞ്ഞത്. ആരാണ് പച്ചക്കള്ളം പറയുന്നതെന്ന് ഇതിനകം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും കള്ളം കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍റെ സമനില തെറ്റിപ്പോയിട്ടുണ്ടെന്നും അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് ജയരാജന്‍ പറയുന്നതെന്നും ചെന്നിത്തല ആരോപിച്ചു. അറബികടലില്‍ അമേരിക്കന്‍ കപ്പലുകള്‍ നിറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സര്‍ക്കാരിന് ദുരുദ്ദേശ്യമില്ലെങ്കില്‍ ഇതിനകം ഒപ്പുവച്ച രണ്ട് എം.ഒയുകളും റദ്ദാക്കാന്‍ തയാറാകണമെന്നും മത്സ്യ തെഴിലാളികളെ പട്ടിണിയിലാക്കുന്ന ഒരു പദ്ധതിയും കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.