തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന്‍റെ മദ്യവില വർധനയ്ക്ക് പിന്നിൽ 100 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യ വ്യവസായികൾക്ക് വേണ്ടിയാണ് വില വർധന. ഡിസ്റ്റിലറി ഉടമകളുമായി നടത്തിയ ഗൂഢാലോചനയെ തുടർന്നാണ് വില വർധിപ്പിക്കാനുള്ള തീരുമാനം. എകെജി സെന്‍ററിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ച നടന്നു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 14 ശതമാനമാണ് മദ്യത്തിന്‍റെ വാങ്ങൽ വില വർധിപ്പിച്ചതെന്നും ഇതിലൂടെ 120 കോടി രൂപയുടെ അധിക വരുമാനം ഡിസ്റ്റിലറികൾക്ക് ലഭിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഫണ്ട് കണ്ടെത്താനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്നും ചെന്നിത്തല ആരോപിച്ചു.
നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ നന്ദി പ്രമേയ ചർച്ചയ്ക്കിടെയാണ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്. അഴിമതിയെപ്പറ്റി അന്വേഷണം വേണം. അനാവശ്യ വില വർധന പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പുകമറ സൃഷ്‌ടിക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അവർ എത്രത്തോളം പരിഹാസ്യരാകുന്നു എന്നതിന്‍റെ തെളിവാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.