തിരുവനന്തപുരം: തലസ്ഥാനത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ കേരളീയം പരിപാടി വിപുലമായി നടക്കുമ്പോള്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ പ്രതിഷേധ സമരവുമായി ആര്‍എസ്‌പിയും ബിജെപിയും. 'കേരളീയം രാക്ഷസീയം' എന്ന മുദ്രാവാക്യം ഉയര്‍ത്തി ഇന്നലെ രാത്രി മുതലാണ് ആര്‍എസ്‌പി രാപ്പകല്‍ സമരം ആരംഭിച്ചത്. സര്‍ക്കാരിന്‍റെ അഴിമതികളെ വൈറ്റ് വാഷ് ചെയ്യാനാണ് കേരളീയം നടത്തുന്നതെന്ന് സമാപന സമരം ഉദ്ഘാടനം ചെയ്‌ത മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആദ്യമായാണോ നവംബര്‍ ഒന്ന് വരുന്നതെന്നും കേരളത്തിന്‍റെ രജത ജൂബിലിയാണോ ഇതെന്നും അദ്ദേഹം ചോദിച്ചു (Ramesh Chennithala Against Keraleeyam).
വോട്ട് ബാങ്കുകളെ ലക്ഷ്യമാക്കിയാണ് കേരളീയം സംഘടിപ്പിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. കേരള ജനതയെ ഇതുപോലെ വഞ്ചിച്ച മുഖ്യമന്ത്രി വേറെയുണ്ടാവില്ല. കേരളീയം ആര്‍ക്ക് വേണ്ടിയുള്ള പദ്ധതിയാണ്. എന്തിന് വേണ്ടിയാണ് ഇപ്പോള്‍ കേരളീയം നടത്തുന്നത്. സംസ്ഥാന ഖജനാവില്‍ 5000 രൂപ പോലും മാറി കിട്ടാന്‍ കഴിയാത്ത അവസ്ഥയാണ്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ 27.12 കോടി രൂപയാണ് ഈ മാമാങ്കത്തിന് വേണ്ടി ചെലവിടുന്നത്. ഇത്രയും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി കേരളത്തിന്‍റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി (RSP BJP Against Keraleeyam).
മുഖ്യമന്ത്രിയുടെ മുഖം കണ്ടാല്‍ പരിപാടിക്ക് ആളുകള്‍ വരില്ല, അതു കൊണ്ടാണ് ഉദ്ഘാടന ചടങ്ങില്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും മഞ്ജു വാര്യരെയുമെല്ലാം ക്ഷണിച്ചത്. അതു പോരാഞ്ഞിട്ട് അതുക്കും മേലെ കമല്‍ഹാസനെ കൂടി വിളിച്ചു. മുഖ്യമന്ത്രി നടത്തുന്ന കേരളീയം നൂറ് ശതമാനം രാക്ഷസീയം തന്നെയാണ്.
മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ വേണം ഒരു മാസം 80 ലക്ഷം രൂപ. കേരള ജനതയെ ഇതുപോലെ വഞ്ചിച്ചിട്ടുള്ള അഴിമതിക്കാരനായ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റി വച്ചു. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തര്‍ധാരയാണിത്. എന്തുകൊണ്ട് മുഖ്യമന്ത്രിക്ക് ഒരു നോട്ടീസ് കൊടുക്കാന്‍ ഇ ഡി തയ്യാറായില്ല?
ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഐക്യം വെളിപ്പെടുകയാണ്. മോദിയുടെയോ അമിത് ഷായുടെയോ പേര് പറയാന്‍ മുഖ്യമന്ത്രിയുടെ നാവ് ഇതുവരെയും പൊങ്ങിയിട്ടില്ല. 69 നിയോജക മണ്ഡലങ്ങളില്‍ ബിജെപിക്കാര്‍ വോട്ട് ചെയ്‌തത് സിപിഎമ്മിനാണ്. മോദിയുടെയും അമിത് ഷായുടെയും നിര്‍ദേശം ഉണ്ടായിരുന്നു. അത്രമാത്രം ഐക്യമാണ് ഇവരുടെ ബന്ധത്തില്‍.
സ്വര്‍ണക്കടത്ത് കേസും ലൈഫ് മിഷന്‍ കേസും ആവിയായി. എന്തുകൊണ്ട് കേരളത്തിലെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്‌തില്ല? എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ പിഎ രവീന്ദ്രന്‍റെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചു? ധൈര്യമുണ്ടോ പിണറായിക്ക് കേന്ദ്ര അവഗണനയ്‌ക്കെതിരെ ഡല്‍ഹിയില്‍ പോയി സമരം ചെയ്യാനെന്നും ചെന്നിത്തല ചോദിച്ചു.
മഹാബലി എത്തുന്ന പോലെ ബസില്‍ കയറി ജനങ്ങളെ കാണാന്‍ മുഖ്യമന്ത്രി പോകുകയാണ്. ആരെ കബളിപ്പിക്കാനാണ് ഇതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഈ അഴിമതിക്കും ധന ധൂര്‍ത്തിനും അധോലോക മാഫിയ ഭരണത്തിനും എതിരായാണ് ആര്‍എസ്‌പിയുടെ നേതൃത്വത്തില്‍ ഈ സമരം നടത്തുന്നതെന്ന് ആര്‍എസ്‌പി നേതാവും എംപിയുമായ എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. കേരളീയം പരിപാടിക്കെതിരെ ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നു.
പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷന്‍ എത്തുന്നതിന് മുമ്പ് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. കേരളം മഴക്കെടുതിയില്‍, തലസ്ഥാന ജനത ദുരിതത്തില്‍, പിണറായി സര്‍ക്കാര്‍ കേരളീയമെന്ന ആഘോഷത്തില്‍ ധൂര്‍ത്ത് എന്ന് ആരോപിച്ചായിരുന്നു ബിജെപിയുടെ പ്രതിഷേധം.
also read: കേരളീയം ആദ്യ എഡിഷന് തലസ്ഥാന നഗരിയിൽ പ്രൗഢ ഗംഭീര തുടക്കം; ബഹിഷ്‌കരിച്ച് പ്രതിപക്ഷം