തിരുവനന്തപുരം: സിപിഎം ഭാരത് ജോഡോ യാത്രയില്‍ നിന്ന് വിട്ടുനിന്നത് ഹിമാലയന്‍ മണ്ടത്തരമെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ഒരുമിച്ച് മത്സരിക്കാം, എന്നാല്‍ ജോഡോ യാത്രയില്‍ പങ്കെടുക്കില്ലെന്നുള്ളത് സിപിഎമ്മിന്‍റെ അവസരവാദ നിലപാടാണ്. കെപിസിസി ആസ്ഥാനത്ത് നടന്ന മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
ഫാസിസത്തിന് എതിരായ പോരാട്ടത്തിൽ ആത്മാർഥത ഉണ്ടായിരുന്നെങ്കിൽ സിപിഎം യാത്രക്ക് എത്തണമായിരുന്നു. സിപിഎമ്മിന്‍റെ ഫാസിസത്തിനെതിരായ പോരാട്ടത്തിൽ ആത്മാർഥത ഇല്ല. ഫാസിസത്തിനെതിരെ പോരാടുമ്പോൾ മറ്റെല്ലാം മറക്കണമെന്ന ചിന്താഗതി ഉയർത്തി പിടിക്കാൻ സിപിഎമ്മിനായില്ല.
കേരളത്തിലെ നേതാക്കളുടെ നിർദേശം മൂലം യെച്ചൂരിക്കും ജോഡോ യാത്രയിൽ പങ്കെടുക്കാനായില്ല. കോൺഗ്രസിനോടല്ല ഫാസിസത്തോടാണ് സിപിഎം പോരാടേണ്ടത്. രാഹുലിന്‍റെ യാത്ര ചൈനയിലെ മാവോയുടെ ലോങ്‌മാർച്ചിനെ അനുസ്‌മരിപ്പിക്കുന്നു. രാഹുൽ കാട്ടിയ വഴിയിലൂടെ മുന്നോട്ട് കോൺഗ്രസ് പോകണമെന്നും ചെന്നിത്തല പറഞ്ഞു. ഗാന്ധിജിയുടെ ആദർശങ്ങൾ ഒരിക്കലും തമസ്‌കരിക്കപ്പെടില്ല. ഗാന്ധി ഭൂതകാലങ്ങളുടെ ഓർമ്മ മാത്രമല്ല. എന്നാൽ രാജ്യത്ത് ഗോഡ്‌സെക്ക് വേണ്ടി അമ്പലം പണിയുന്ന സ്ഥിതിയാണ്.
രാഹുൽ ഗാന്ധി രണ്ടാം ശങ്കരാചാര്യരാണെന്നും ചെന്നിത്തല പറഞ്ഞു. ഭാരത് ജോഡോ യാത്രയിലൂടെ ഭാരതത്തെ ഒന്നാക്കാൻ ശ്രമിച്ചു. രാഹുൽ ഗാന്ധി ആരാണെന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് മനസിലായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെപിസിസി പുനഃസംഘടന തീരുമാനിച്ചത് പോലെ നടക്കും: സിപിഐ പാർലമെന്‍ററി പാർട്ടി നേതാവ് ഇ.ചന്ദ്രശേഖരനെ ആക്രമിച്ച കേസിൽ സിപിഎം സാക്ഷികൾ കൂറുമാറിയത്തിലൂടെ സിപിഎം - ബിജെപി അവിഹിത ബന്ധം പുറത്തായി. ഇത് ബോധപൂർവമായി കളിയാണ്. ബിജെപി-സിപിഎം ബന്ധം എത്ര ആഴത്തിലാണെന്ന് ഇത് വ്യക്തമാക്കുന്നു.
ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലും കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ കെ സുധാകരൻ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. പുനഃസംഘടനക്കായി കെപിസിസി ഒരു ഷെഡ്യൂൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതനുസരിച്ച് നടക്കുമെന്നും ചെന്നിത്തല അറിയിച്ചു.
'ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധിക്ക് പുനര്‍ജന്മം': ഇന്ത്യ കണ്ടതിൽ വച്ച് വ്യത്യസ്തമായ യാത്രയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. യാത്ര അവസാനിക്കുമ്പോൾ ഒരു പുതിയ ഇന്ത്യയെ രാഹുൽഗാന്ധി കണ്ടെത്തിയിരിക്കുന്നു. രണ്ടാം ഘട്ട പദ്ധതികൾ ആവിഷ്‌കരിക്കണം.
വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന അധികാരികളെ ഭരണത്തിൽ നിന്ന് പുറത്താക്കണം. അതിനായി രണ്ടാംഘട്ട യാത്ര നയിക്കണം. വിപ്ലവത്തിലുടെയും തോക്കിൻ കുഴലിലൂടെയുമല്ല, ജനാധിപത്യത്തിലൂടെ പുറത്താക്കണം. യാത്രയിലൂടെ രാഹുൽ ഗാന്ധിക്ക് പുനർജന്മമുണ്ടായിരിക്കുന്നുവെന്നും എ കെ ആന്റണി പറഞ്ഞു.
അതേസമയം ഭാരത് ജോഡോ യാത്രയുടെ സമാപനമായ ഇന്ന് യാത്രയില്‍ സിപിഐ പങ്കുചേരും. സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജയുൾപ്പെടെയുള്ള മുതിർന്ന നേതാക്കളാണ് പങ്കെടുക്കുന്നത്. കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ക്ഷണം സ്വീകരിച്ചാണു പങ്കെടുക്കുമെന്ന് അറിയിച്ചത്.
ബിനോയ് വിശ്വം എംപിയും പങ്കെടുക്കും. യാത്രയിൽ സിപിഎം പങ്കെടുക്കില്ല. കേരള ഘടകത്തിന്റെ എതിർപ്പിനെ തുടർന്നാണ് തീരുമാനം. യാത്രയുടെ തുടക്കത്തിൽ സിപിഎമ്മിനെ അപമാനിച്ചുവെന്നാണ് വിമർശനം.
Also Read: 12 സംസ്ഥാനം, 4080 കിലോമീറ്റര്‍; ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് ശ്രീനഗറില്‍ സമാപനം