തിരുവനന്തപുരം: സംസ്ഥാനത്ത് എത്ര മണ്ഡലങ്ങളില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
അപകരമായ കളിയാണ് സിപിഎം കേരളത്തില്‍ കളിക്കുന്നത്. ഇത് കേരളത്തില്‍ സിപിഎമ്മിന്‍റെ അന്ത്യം കുറിക്കുമെന്നും ഇത് പ്രബുദ്ധ കേരളമാണെന്ന് സിപിഎമ്മും ബിജെപിയും മനസിലാക്കണമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് എങ്ങനെ ആവിയായിപ്പോയെന്ന് ഇപ്പോള്‍ മനസിലായി. 26 തവണയാണ് ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി മാറ്റിവെച്ചത്.
ബാലശങ്കറിന്‍റെ വെളിപ്പെടുത്തല്‍ ഗൗരവതരമാണ്. കേരളത്തില്‍ ബിജെപിക്ക് മത്സരിക്കാന്‍ സിപിഎം സ്ഥാനാര്‍ഥികളെ നല്‍കുന്നു. നേമത്ത് സിപിഎം പരാജയം സമ്മതിച്ചുവെന്നും കാറ്റ് യുഡിഎഫിന് അനുകൂലമെന്ന് മനസിലാക്കി മുഖ്യമന്ത്രി ആയുധം താഴെ വച്ചുവെന്നും ചെന്നിത്തല പറഞ്ഞു. നേമത്ത് പുലിമടയില്‍ കയറിയാണ് ബിജെപിയെ കോണ്‍ഗ്രസ് ആക്രമിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.