തിരുവനന്തപുരം : വിലക്കയറ്റം മൂലം പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങളെ എങ്ങനെ പിഴിയാമെന്നാണ് സർക്കാർ ഗവേഷണം നടത്തുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി സർക്കാർ ജനങ്ങൾക്ക് ബാധ്യതയായെന്നും ചെന്നിത്തല വാർത്താക്കുറിപ്പിൽ ആരോപിച്ചു. കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിന്‍റെ വിനോദ നികുതി കുത്തനെ കൂട്ടിയ സർക്കാർ നടപടിയിലാണ് ചെന്നിത്തലയുടെ പ്രതികരണം.
ക്രിക്കറ്റ് ടിക്കറ്റിന് കൂട്ടിയ നികുതി അടിയന്തരമായി പിൻവലിക്കണം. ഒറ്റയടിക്ക് അഞ്ചിൽ നിന്ന് പന്ത്രണ്ട് ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. 18% ജിഎസ്‌ടി നികുതിക്ക് പുറമേയാണ് 12% വർധിപ്പിച്ചത്. ഇത് കാരണം കായിക പ്രേമികൾക്ക് കളി കാണാൻ 30% നികുതി നൽകണം. ഇത് സാധാരണക്കാരായ ജനങ്ങളെ സർക്കാർ കൊള്ളയടിക്കുന്ന നടപടിയായിപ്പോയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കളി കാണാൻ എത്തുന്നതിൽ ഏറെപ്പേരും വിദ്യാർഥികളും യുവാക്കളുമാണ്. ഇവരെ വഞ്ചിക്കുന്ന നടപടിയായിപ്പോയി. വൻകിട മദ്യക്കമ്പനികൾക്ക് നാല് ശതമാനം വില്‍പ്പന നികുതി കുറച്ചുകൊടുത്ത സർക്കാരാണ് സാധാരണക്കാരോട് കൊടും ക്രൂരത കാണിക്കുന്നത്. വൻകിട കമ്പനികൾക്ക് നികുതി കുറച്ചുകൊടുക്കുകയും മദ്യവില കൂട്ടി അത് സാധാരണക്കാരൻ്റെ തലയിൽ കെട്ടിവയ്ക്കുകയും ചെയ്യുന്ന സർക്കാർ കൊള്ളയാണ് നടത്തുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
അപ്പര്‍ ടയറിന് 1000 രൂപയും (18% ജിഎസ്‌ടി, 12% എന്‍റര്‍ടെയ്‌ന്‍മെന്‍റ് ടാക്‌സ് എന്നിവ ബാധകമാണ്) ലോവര്‍ ടയറിന് 2000 രൂപയുമാണ് (18% ജിഎസ്‌ടി, 12% എന്‍റര്‍ടെയ്‌ന്‍മെന്‍റ് ടാക്‌സ് എന്നിവ ബാധകമാണ്) ടിക്കറ്റ് നിരക്ക്. ടിക്കറ്റ് വില്‍പ്പനയുടെ ഉദ്‌ഘാടനം ഇന്നലെ മന്ത്രി ജി ആർ അനിൽ നിര്‍വഹിച്ചിരുന്നു. പേടിഎം ഇൻസൈഡർ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്നത്. ഈ മാസം 12ന് കൊൽക്കത്തയിൽ നടക്കുന്ന രണ്ടാം ഏകദിനത്തിനുശേഷം 13ന് തിരുവനന്തപുരത്തെത്തുന്ന ഇന്ത്യ ശ്രീലങ്ക ടീമുകൾ 14ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങും. 14ന് ഉച്ചയ്ക്ക് ഒരു മണി മുതൽ നാല് മണിവരെ ശ്രീലങ്കൻ ടീമും വൈകിട്ട് അഞ്ചുമുതൽ എട്ടുവരെ ഇന്ത്യൻ ടീമും പരിശീലനം നടത്തും.