തിരുവനന്തപുരം : കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അപമാനിക്കുന്ന ബാനറുകൾ ഉയർത്തിയത് പൊലീസുകാരാണെന്നും ഇത് മുഖ്യമന്ത്രിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ ആണെന്നുമുള്ള രാജ്ഭവന്‍റെ വാർത്താക്കുറിപ്പ് പുറത്തിറങ്ങിയതോടെ സർക്കാർ - ഗവർണർ പോര് വീണ്ടും മുറുകുന്നു (Governor Arif Mohammed Khan Govt clash). സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഉന്നയിച്ചിരിക്കുന്നത് (Rajbhavan's Press release on SFI Banner).
ഭരണഘടനാസംവിധാനം തകർക്കാൻ മുഖ്യമന്ത്രി ബോധപൂർവം ശ്രമിക്കുകയാണ്. ഗൗരവത്തോടെയാണ് ഇക്കാര്യം ഗവർണർ കാണുന്നതെന്നും ഇത്തരം നടപടികൾ തന്നെ മനപ്പൂര്‍വം അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണെന്നും രാജ്ഭവൻ വാർത്താക്കുറിപ്പിൽ പറയുന്നു (Rajbhavan's Press release criticizing CM Pinarayi Vijayan). അതേസമയം രാജ്ഭവൻ്റെ വാർത്താക്കുറിപ്പിന് അതേ നാണയത്തിൽ തിരിച്ചടി നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രസ്‌താവന ഇറക്കി.
സംസ്ഥാനത്തെ ഭരണഘടനാസംവിധാനം തകരുന്നുവെന്ന ഗവർണറുടെ ഭീഷണി കേരളത്തിൽ വിലപ്പോകില്ലെന്നും ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് ഗവർണർ വാർത്താക്കുറിപ്പ് ഇറക്കിയതെന്നും എം വി ഗോവിന്ദൻ ആരോപിച്ചു. ഗവർണർ സ്വീകരിക്കുന്നത് ഭരണഘടനാവിരുദ്ധമായ നിലപാടാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അംഗീകരിക്കാതെ മുന്നോട്ട് പോകുന്ന ഗവർണറുടെ നടപടിയാണ് ഭരണഘടനാവിരുദ്ധമെന്നും സർവകലാശാലകളിൽ ആർഎസ്‌എസ്, സംഘപരിവാർ അനുകൂലികളെ കുത്തിനിറച്ച് രാഷ്ട്രീയം കളിക്കാനാണ് ഗവർണറുടെ ശ്രമമെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.
തനിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ പൊലീസിന്‍റെയും മുഖ്യമന്ത്രിയുടെയും തലയിൽ കെട്ടിവച്ചുകൊണ്ടുള്ള രാജ്ഭവൻ്റെ വാർത്താക്കുറിപ്പിനെതിരെ അതേനാണയത്തിൽ മറുപടി നൽകുകയാണ് പാർട്ടി സെക്രട്ടറി. സർവകലാശാലകളിലെ കാവിവത്‌കരണത്തിന്‍റെ തുടർച്ചയാണിതെന്നും ഇതിനെതിരായ വിദ്യാർഥികളുടെ പ്രതിഷേധം ഭരണഘടനാപരമായ ജനാധിപത്യ അവകാശമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സമരത്തെ എതിർക്കുന്നു എന്ന പേരിൽ ചാൻസലർ മുഖ്യമന്ത്രിയെ നിരന്തരം അപഹസിക്കുകയും അപമാനിക്കുകയുമാണ്.
ഗവർണർ നടത്തുന്നത് സർവകലാശാലയിലെ കാവിവത്‌കരണ നിലപാടുകൾ ഭരണഘടന ഉപയോഗിച്ച് മറയ്‌ക്കാനുള്ള നീക്കമാണ്. ഗവർണർ പദവിയിലിരിക്കുന്ന വ്യക്തി പാലിക്കേണ്ട ഭരണഘടനാപരമായ ചുമതലകൾ പാലിക്കാൻ അദ്ദേഹം തയ്യാറാകുന്നില്ല എന്ന് മാത്രമല്ല ഭരണഘടനാവിരുദ്ധമായ പ്രവൃത്തികളാണ് അദ്ദേഹത്തിൽ നിന്നും നിരന്തരം ഉണ്ടാകുന്നതെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.