തിരുവനന്തപുരം:നഗര മധ്യത്തിലെ രാജാജി നഗർ കോളനിയുടെ മുഖച്ഛായ മാറുന്നു.ആദ്യ ഘട്ട നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഇൻ്റഗ്രേറ്റഡ് ഹൗസിംങ് കോംപ്ലക്‌സിൻ്റെ പ്രവർത്തി ഉദ്‌ഘാടനം മന്ത്രി എ.സി. മൊയ്‌തീൻ നിർവഹിച്ചു. 61 കോടി രൂപ ചെലവിൽ മൂന്ന് നിലകളുള്ള എട്ട് ഭവനസമുച്ഛയങ്ങളാണ് നിർമിക്കുന്നത്. 248 കുടുംബങ്ങൾക്ക് പദ്ധതിയിലൂടെ വീടുകൾ ലഭിക്കും.
ഓരോ വിടും 500 സ്ക്വയർ ഫീറ്റിന് മുകളിൽ വിസ്‌തൃതിയുള്ളവ ആയിരിക്കും. ഗ്രീൻ സ്പേസ്, കമ്യൂണിറ്റി ഹാളുകൾ, കളിസ്ഥലം, പാർക്കിങ് സൗകര്യം, മാലിന്യ സംസ്‌കരണ കേന്ദ്രം, തെരുവിളക്കുകൾ എന്നിവയും ഇൻ്റഗ്രേറ്റഡ് ഹൗസിങ് കോംപ്ലക്‌സിൻ്റെ ഭാഗമായി ഉണ്ടാകും. സ്‌മാർട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിൻ്റെ മേൽനോട്ടത്തിലാണ് നിർമാണം. അതേ സമയം പദ്ധതിക്കെതിരെ പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തി. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വോട്ട് ലക്ഷ്യം വച്ചാണ് നഗരസഭ പദ്ധതിയുമായെത്തിയതെന്നാണ് ആരോപണം. രാജാജി നഗറിൽ നടന്ന ഉദ്‌ഘാടന ചടങ്ങിനിടെ പ്രതിപക്ഷ സംഘനകൾ പ്രതിഷേധ ധർണയും നടത്തി.