തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് പുറമേ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും പരക്കെ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് വരുന്ന നാല് ദിവസം കൂടി ശക്തമായ മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശത്ത് താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശം പരിഗണിച്ച് മാറി താമസിക്കണം. കടല്‍ പ്രക്ഷുബ്‌ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായി ഒഴിവാക്കണം. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് സംസ്ഥാനത്ത് വരുന്ന നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരാനുള്ള കാരണമായി കണക്കാക്കുന്നത്. വടക്ക് - പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും വടക്കന്‍ ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്തിന് സമീപവും ന്യൂനമര്‍ദം രൂപപ്പെട്ടിരുന്നു. മഹാരാഷ്‌ട്ര തീരം മുതല്‍ കേരള തീരം വരെയും ന്യൂനമര്‍ദ പാത്തി നിലനിൽക്കുകയാണ്. ഇതിന്‍റെ ഫലമായാണ് ജൂണ്‍ 25 മുതല്‍ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത ഉടലെടുത്തത്.
പകർച്ചപ്പനി ഭീതിയില്‍ കേരളം: അതേസമയം മഴക്കാലമെത്തിയതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനിയും, എലിപ്പനിയും ക്രമാതീതമായി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്‌ചയായി ദിനംപ്രതി 13,000ത്തിലധികം പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയെത്തിയത്. കാലവര്‍ഷം പൂര്‍വസ്ഥിതിയില്‍ എത്തുന്നതോടെ വരുന്ന മാസം പനി കേസുകള്‍ ഇനിയും വര്‍ധിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തല്‍.
കോള്‍ സെന്‍റര്‍: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പ്രതിരോധത്തിന്‍റെ ഭാഗമായി കോള്‍ സെന്‍റര്‍ ആരംഭിച്ചിട്ടുണ്ട്. നിലവിലെ ദിശ കോള്‍ സെന്‍റര്‍ ശക്തിപ്പെടുത്തിയാണ് എല്ലാ ജില്ലകളില്‍ നിന്നുമുള്ള ഡോക്‌ടര്‍മാരുടെ സേവനങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക കോള്‍ സെന്‍റര്‍ പ്രവര്‍ത്തന സജ്ജമാക്കിയത്.
ദിശയിലെ കൗണ്‍സിലര്‍മാര്‍, ഡോക്‌ടര്‍മാര്‍, ഇ - സഞ്ജീവനി ഡോക്‌ടര്‍മാര്‍ എന്നിവരെ കൂടാതെ എല്ലാ ജില്ലകളില്‍ നിന്നും സര്‍വയലന്‍സ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ കൂടുതല്‍ ഡോക്‌ടര്‍മാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് കൂടുതല്‍ പേരുടെ സേവനം ലഭ്യമാക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം.
104, 1056, 0471 2552056, 2551056 എന്നീ നമ്പറുകളില്‍ ദിശയുടെ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്. ആളുകൾക്ക് എപ്പോള്‍ വേണമെങ്കിലും ദിശ നമ്പറിലേക്ക് വിളിക്കാം. രോഗത്തിന്‍റെ സ്വഭാവമനുസരിച്ച് ഉടനടി ചെയ്യേണ്ട പ്രഥമ ശുശ്രൂഷ ഡോക്‌ടര്‍മാര്‍ പറഞ്ഞുതരുന്നതാണ്. ആവശ്യമായവര്‍ക്ക് അപ്പോൾ തന്നെ ഇ - സഞ്ജീവനി മുഖേന ചികിത്സയും മരുന്നിന്‍റെ വിവരങ്ങളും ലഭ്യമാക്കും.