തിരുവനന്തപുരം: മഴ ശക്തമാകുന്ന സാഹചര്യത്തില്‍ വിവധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശം നല്‍കി. റവന്യൂ, പൊലീസ്, തദ്ദേശസ്ഥാപന വകുപ്പ്, അഗ്‌നിരക്ഷ സേന, ഫിഷറീസ്, തീരദേശ പൊലീസ്, ജലസേചനം, വൈദ്യുതി തുടങ്ങിയ വകുപ്പുകള്‍ക്കാണ് പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങള്‍ മുന്നില്‍ക്കണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്താനും ദുരന്ത നിവാരണ സേന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇത്തരം പ്രദേശങ്ങളില്‍ അടിയന്തരമായി ക്യാമ്പുകള്‍ സജ്ജീകരിച്ച് ജനങ്ങളെ മാറ്റി പാര്‍പ്പിക്കണം. കൊവിഡ് മാനദണ്ഡം പാലിച്ചാകണം ക്യാമ്പുകള്‍ സജ്ജമാക്കേണ്ടത്. വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്‌ന്ന പ്രദേശങ്ങളില്‍ മുന്‍കൂട്ടി ക്യാമ്പുകള്‍ സജ്ജമാക്കുകയും മഴ തുടങ്ങുന്ന ഉടനെ തന്നെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്.
ജില്ല, താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണം. മലയോര മേഖലയിലേക്കുള്ള ഗതാഗതം വൈകിട്ട് എഴ് മണി മുതല്‍ രാവിലെ എഴ് മണി വരെ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കണം. നദികളിലെ ജലനിരപ്പ് സൂക്ഷ്‌മമായി നിരീക്ഷിക്കുകയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ യഥാസമയം അറിയിക്കുകയും ചെയ്യേണ്ടതാണ്.
ശക്തമായ കാറ്റ് വീശുന്നതിനാല്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍, പോസ്റ്റുകള്‍, പരസ്യ ബോര്‍ഡുകള്‍ തുടങ്ങിയവ മൂലമുണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങള്‍ പ്രതിരോധിക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കേണ്ടതാണ്.
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനയും സിവില്‍ ഡിഫെന്‍സും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരായിരിക്കണം. പൊലീസും അഗ്‌നിരക്ഷ സേനയും അതീവ ജാഗ്രതയോടെ വേണ്ട ഇടപെടലുകള്‍ നടത്തണം. കടലാക്രമണം രൂക്ഷമായ മേഖലയിലും ക്യാമ്പുകള്‍ സജ്ജീകരിച്ച് ആളുകളെ മാറ്റേണ്ടതാണ്.
മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകുന്നില്ലെന്ന് ഫിഷറീസ് വകുപ്പും കോസ്റ്റല്‍ പൊലീസും ഉറപ്പ് വരുത്തണം. ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് മത്സ്യ തൊഴിലാളി ഗ്രാമങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിച്ച് വിളിച്ചു പറയേണ്ടതാണ്.
വൈദ്യുതി വകുപ്പിനുള്ള പ്രത്യേക നിര്‍ദേശങ്ങള്‍: ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും, ചില്ലകള്‍ ഒടിഞ്ഞു വീണും, പോസ്റ്റുകള്‍ തകര്‍ന്നും വൈദ്യുത കമ്പികള്‍ പൊട്ടാനും ഷോക്കേറ്റ് ആളുകള്‍ക്ക് അപകടം സംഭവിക്കാനുമുള്ള സാധ്യതയുണ്ട്. ഇത്തരം അപകടങ്ങള്‍ ലഘൂകരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ അടിയന്തരമായി സ്വീകരിക്കണം. കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കേണ്ടതാണ്.
ലൈനുകളുടേയും ട്രാന്‍സ്‌ഫോമറുകളുടെയും അപകട സാധ്യതകള്‍ പരിശോധിച്ച് മുന്‍കൂര്‍ നടപടികള്‍ ആവശ്യമുള്ളയിടത്ത് അത് പൂര്‍ത്തീകരിക്കണം. താഴ്‌ന്ന പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന വൈദ്യുത പവര്‍ ഹൗസുകളിലും മറ്റ് പ്രധാന സ്ഥാപനങ്ങളും വെള്ളം കയറാനുള്ള സാധ്യത മുന്നില്‍ കണ്ടുള്ള മുന്‍കരുതല്‍ നടപടി സ്വീകരിക്കണം. അണക്കെട്ടുകളില്‍ ജലനിരപ്പ് സൂക്ഷ്‌മമമായി നിരീക്ഷിക്കുകയും സ്ഥിതിഗതികള്‍ ജില്ല-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളെ യഥാസമയം അറിയിക്കുകയും ചെയ്യുക.