തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ യെല്ലോ അലർട്ടും നൽകിയിരിക്കുകയാണ്. അറബിക്കടലിന് സമീപം രൂപം കൊണ്ട ന്യൂനമർദം ചുഴലികാറ്റായി രൂപപ്പെട്ടതോടെയാണ് മുന്നറിയിപ്പ്. സംസ്ഥാന വ്യാപകമായി തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യതയുണ്ട്. ചുഴലി കൊടുങ്കാറ്റ് ലക്ഷദീപ് തീരത്തോടടുക്കുന്നതിനാൽ കേരളത്തിലും പ്രതിഫലനമുണ്ടാകും.
4.9 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ തീരത്തേക്ക് അടിക്കാം. ഇന്നലെ മുതൽ സംസ്ഥാന വ്യാപകമായി മഴ ലഭിക്കുന്നുണ്ട്. തിരുവനന്തപുരത്ത് നിന്നും 440 കിലോമീറ്റർ ദൂരത്താണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. മണിക്കൂറിൽ 26 കിലോമീറ്റർ വേഗതയിലാണ് മഹ ചുഴലിക്കാറ്റിന്‍റെ കഴിഞ്ഞ ആറ് മണിക്കൂറായുള്ള വേഗം. ഇത് ശക്തിയാർജിക്കുന്നതിനനുസരിച്ച് കേരളത്തിലും മഴയ്ക്കും കാറ്റിനും ശക്തി കൂടുo.
കേരളത്തിലെ കടലോരങ്ങൾ പ്രക്ഷുബ്ദ്ധമായതിനാൽ മത്സ്യബന്ധനത്തിന് പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച വരെയാണ് മീൻപിടുത്തം പൂർണമായും നിരോധിച്ചിരിക്കുന്നത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലക്ഷദ്വീപിൽ അതീവ ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. മൂന്നാം തിയതിയോടെ ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ തീരത്ത് മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുണ്ട്. അങ്ങനെയാണെങ്കിൽ സംസ്ഥാനത്ത് മഴ വരും ദിവസങ്ങളിലും ശക്തിയായി തുടരും.