തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം (Rahul Mamkootathil got bail in all cases). സെക്രട്ടറിയേറ്റ് മാർച്ച് (Secretariat march), ഡി.ജി.പി ഓഫീസ് മാർച്ച് (DGP office march) എന്നിവയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത കേസുകളിലാണ് ജാമ്യം അനുവദിച്ചത്. നാല് കേസുകളിലും ജാമ്യം ലഭിച്ചതോടെ രാഹുൽ ജയിൽ മോചിതനാകും.
9 ദിവസങ്ങൾക്ക് ശേഷമാണ് രാഹുലിന് ജാമ്യം ലഭിയ്‌ക്കുന്നത്. സെക്രട്ടറിയേറ്റിലുണ്ടായ മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് രാഹുലിനെ കന്‍റോൺമെന്‍റ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് മൂന്ന് കേസുകൾ കൂടി ചുമത്തുകയായിരുന്നു. രണ്ട് കേസുകളിൽ രാഹുലിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട് കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ ജില്ലാ കോടതിയാണ് ജാമ്യം നൽകിയത്. യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ നടത്തിയ ഡി. ജി. പി ഓഫിസ് മാർച്ചുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ രാഹുലിന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
50,000 രൂപയുടെ ജാമ്യവ്യവസ്ഥ അല്ലെങ്കിൽ ആൾജാമ്യം, 1316 രൂപ പിഴയടക്കുക, എല്ലാ തിങ്കളാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുക എന്നീ ഉപാധികളോടെയാണ് ജില്ലാ സെഷൻസ് കോടതി ജാമ്യം നൽകിയത്. 25,000 രൂപയുടെ ജാമ്യവ്യവസ്ഥ അല്ലെങ്കിൽ ആൾജാമ്യം, എല്ലാ ചൊവ്വാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുക എന്നീ ഉപാധികളോടെയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
27 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. സമരം അക്രമാസക്തമാകാനുള്ള കാരണം രാഹുൽ ആണെന്നും കേസിന്‍റെ പ്രാഥമിക ഘട്ടത്തിൽ പ്രതിക്ക് ജാമ്യം അനുവദിച്ചാൽ അത് മുഴുവൻ കേസിനെയും ബാധിക്കുമെന്നും ആയിരുന്നു വാദം. ഏഴ് വർഷത്തിന് മുകളിൽ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്യുമ്പോൾ നോട്ടീസ് നൽകണമെന്ന് നിർബന്ധമില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ ഗീന കുമാരി വാദിച്ചു.
എന്നാൽ മാർച്ചിൽ പോലീസാണ് രാഹുലിനെതിരെ ആക്രമണം നടത്തിയതെന്നുo 7,8 തീയതികളിൽ തിരുവനന്തപുരത്ത് വിവിധ ചടങ്ങുകളിൽ പങ്കെടുത്ത രാഹുലിനെ അറസ്റ്റ് ചെയ്യാതെ വീട്ടിൽ പോയി അറസ്റ്റ് ചെയ്‌തത് രാഷ്ട്രീയ പകപോക്കൽ ആയിരുന്നെന്നും പ്രതിഭാഗ അഭിഭാഷകൻ മൃദുൽ ജോൺ മാത്യു പറഞ്ഞു. രാഹുലിന്‍റെ അസുഖം വ്യാജമല്ലെന്നും മജിസ്ട്രേറ്റ് കോടതിയിൽ കൊടുത്ത കിംസ് ആശുപത്രിയിലെ രേഖകളിൽ സീൽ, ഒപ്പ് എന്നിവ ഇല്ലാതിരുന്നത് ഫോട്ടോകോപ്പി ആയതുകൊണ്ടാണെന്നും പ്രതിഭാഗം വാദിച്ചു.
Also read: രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും അറസ്റ്റ് ചെയ്‌ത് പൊലീസ്