തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം നടത്തുന്ന മത്സ്യത്തൊഴിലാളികളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്‌ച നടത്തും. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി തിരുവനന്തപുരത്തെത്തിയ രാഹുല്‍ ഗാന്ധി നാളെ (സെപ്‌റ്റംബര്‍ 12) ആണ് തുറമുഖത്തിനെതിരെ സമരം ചെയ്യുന്നവരുമായി കൂടിക്കാഴ്‌ച നടത്തുക. നാളെ രാവിലെയുള്ള പദയാത്രയ്ക്ക് ശേഷമാകും വിഴിഞ്ഞം സമര പ്രതിനിധികളുമായുള്ള കൂടിക്കാഴ്‌ച.
കെ റെയില്‍ സമര സമിതിയുമായും കൂടിക്കാഴ്‌ച നടത്തുന്നുണ്ട്. ഈ കൂടിക്കാഴ്‌ചയും നാളെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
രാഹുല്‍ ഗാന്ധി നടത്തിയ പദയാത്ര എതിരാളികളെ വിറളി പിടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് രാഹുല്‍ ധരിച്ച ടീ ഷര്‍ട്ട് ചൂണ്ടിക്കാട്ടി വിവാദം ഉയര്‍ത്തുന്നത് എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്താമാക്കി. രാഹുല്‍ ഗാന്ധിയുടെ ടീഷര്‍ട്ടിന്‍റെ വില പ്രചാരണ ആയുധമാക്കുന്ന ബിജെപിയെ ജയറാം രമേശ് പരിഹസിച്ചു.
ഷൂ, സോക്‌സ്, മുടി എന്നവൊക്കെയാണ് യാത്രയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി ഉന്നയിക്കുന്നത്. അടുത്തത് ലക്ഷ്യം വയ്ക്കുക രാഹുല്‍ ഗാന്ധിയുടെ അടിവസ്ത്രങ്ങളെ ആയിരിക്കുമെന്ന് ജയറാം രമേശ് പരിഹസിച്ചു.