തിരുവനന്തപുരം : കുടുംബശ്രീയുടെ ഓൺലൈൻ റേഡിയോയായ 'റേഡിയോശ്രീ' (Radio Shree) ആർജെകളെ (റേഡിയോ ജോക്കി) തേടുന്നു. ഇതിനായി ഈ മാസം 25 ന് ആർജെ ഹണ്ട് (Radio Shree RJ Hunt) നടത്തുകയാണ് റേഡിയോശ്രീ. കൊച്ചിയിലാകും ഓഡിഷൻ നടക്കുക (Radio Shree RJ Hunt in kochi on october 25t).
കേരളീയം (keraleeyam) പരിപാടിയുടെ ഭാഗമായാണ് കുടുംബശ്രീയിൽ നിന്നും ആർജെകളെ കൂടി ഉൾപ്പെടുത്തി റേഡിയോശ്രീ വിപുലീകരിക്കുന്നത്. ഓഡിഷന് പങ്കെടുക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ ഈ ആഴ്‌ച ആരംഭിക്കും. കുടുംബശ്രീ വെബ്സൈറ്റ് വഴിയും കൊച്ചിയിൽ നടക്കുന്ന സ്‌പോട്ട് രജിസ്‌ട്രേഷനുമാണ് പ്രവേശന നടപടികളായി പരിഗണനയിലുള്ളത് (Kudumbashree Online Radio 'Radio Shree' looking for RJs).
ഓൺലൈൻ രജിസ്‌ട്രേഷനിൽ അപേക്ഷകരുടെ ശബ്‌ദം കൂടി ഉൾപ്പെടുത്താൻ ആലോചനയുണ്ടെന്നും റേഡിയോശ്രീയുടെ പ്രോജക്‌ട് ഓഫിസർ നാഫിഹ് ഇടിവി ഭാരതിനോട് പറഞ്ഞു. റേഡിയോശ്രീ ആരംഭിച്ചതിന് ശേഷം ഒന്നര ലക്ഷത്തോളം പേർ പ്ലേ സ്റ്റോറിൽ നിന്നും റേഡിയോശ്രീ ഡൗൺലോഡ് ചെയ്‌തതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായതിന് ശേഷമാകും ഓഡിഷനുള്ള വേദി തീരുമാനിക്കുക.
കുടുംബശ്രീ ദിനമായി സർക്കാർ പ്രഖ്യാപിച്ച മെയ് 17 ന് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു റേഡിയോശ്രീ സ്വിച്ച് ഓൺ ചെയ്‌തത്. ഓൺലൈൻ റേഡിയോയ റേഡിയോശ്രീയിൽ പുതുതായി കണ്ടെത്തുന്ന റേഡിയോ ജോക്കികളെ ഉപയോഗിച്ച് 9 ഓളം പരിപാടികൾ നടത്താനാണ് ലക്ഷ്യമിടുന്നത്. 25 ന് നടക്കുന്ന ഓഡിഷനിൽ നിന്നും തെരഞ്ഞെടുക്കുന്നവർക്ക് കുടുംബശ്രീ തന്നെ പരിശീലനം നൽകും.
തുടർന്ന് രാവിലെ 7 മുതൽ വൈകിട്ട് 3 വരെയാണ് പരിപാടികൾ ഷെഡ്യൂൾ ചെയ്യുക. വൈകിട്ട് 3ന് ശേഷം റേഡിയോയിൽ രണ്ട് പരിപാടികളുടെ പുനർ സംപ്രേക്ഷണവും നടത്തും. എറണാകുളം ആസ്ഥാനമായ സൗണ്ട് പാർക്ക് അക്കാദമി എന്ന സ്ഥാപനമാണ് നിലവിൽ റേഡിയോശ്രീയുടെ പ്രവർത്തനം നടത്തുന്നത്.
തെരഞ്ഞെടുക്കുന്ന റേഡിയോ ജോക്കികളുടെ പരിശീലനം പൂർത്തിയായാൽ റേഡിയോയുടെ പ്രവർത്തനം പൂർണമായും കുടുംബശ്രീ ഏറ്റെടുക്കും. നേരത്തെ പദ്ധതിയുടെ ആദ്യ ഘട്ടമായി റേഡിയോശ്രീ ആരംഭിച്ച് 3 മാസത്തിനകം റേഡിയോ ജോക്കികളെ കണ്ടെത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പിന്നീട് ഇത് വൈകുകയായിരുന്നു.
കുടുംബശ്രീകളിലും അയൽക്കൂട്ടങ്ങളിലും റേഡിയോ ക്ലബുകൾ രൂപീകരിച്ച് ഇത് വഴി റേഡിയോ ജോക്കികളെ കണ്ടെത്താനുള്ള ശ്രമങ്ങളാകും രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുക. പഠനം നിർത്തേണ്ടി വന്നവർക്ക് പഠനം പൂർത്തിയാക്കാൻ സൗകര്യം ഒരുക്കുന്ന കുടുംബശ്രീയുടെ 'തിരികെ സ്‌കൂളിലേക്ക്' പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പരിപാടികളാകും ഒന്നാം ഘട്ടത്തിൽ തെരഞ്ഞെടുക്കുന്ന ആർജെകളെ ഉപയോഗിച്ച് റേഡിയോശ്രീയിൽ സംപ്രേക്ഷണം ചെയ്യുക. തെരഞ്ഞെടുക്കുന്ന ആർജെകളുടെ അഭിപ്രായം കൂടി തേടിയാകും മറ്റ് പരിപാടികൾ ഉൾപ്പെടുത്തുക.