തിരുവനന്തപുരം : കാപെക്‌സ് എംഡി ആർ രാജേഷിന് വീണ്ടും സസ്പെൻഷൻ. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കർഷകരിൽനിന്ന് നേരിട്ട് തോട്ടണ്ടി സംഭരിക്കാനുള്ള ഉത്തരവ് അട്ടിമറിച്ച് വിദേശത്തുനിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്ത് കോടികൾ തട്ടിയെടുത്തെന്നാണ് ധനകാര്യ പരിശോധനാവിഭാഗം കണ്ടെത്തിയത്.
2018 -19 കാലത്ത് കാപെക്‌സില്‍ ഗുണമേന്മയില്ലാത്ത തോട്ടണ്ടി ഇറക്കിയതുമായി ബന്ധപ്പെട്ട് കോടികളുടെ ക്രമക്കേട് ആർ രാജേഷ് നടത്തിയതായി കണ്ടെത്തിയിരുന്നു. അന്ന് സസ്പെൻഡ് ചെയ്ത രാജേഷിനെ കഴിഞ്ഞ ഫെബ്രുവരിയിൽ തിരിച്ചെടുത്തു. എന്നാൽ സസ്പെൻഷൻ കാലാവധിയിൽ രാജേഷ് മുഴുവൻ ശമ്പള ബത്തയും എഴുതിയെടുത്തതായി ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ധനകാര്യ പരിശോധനാ വിഭാഗം അന്വേഷണം നടത്തുകയായിരുന്നു.
ALSO READ: കെഎസ്‌ഇബി ചെയർമാന്‍റെ ആരോപണം തള്ളി മന്ത്രി കെ കൃഷ്‌ണൻകുട്ടി
രാജേഷിനെ എംഡി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വ്യവസായ വകുപ്പിന് ശുപാർശ നൽകി. ധനകാര്യ പരിശോധനാ വിഭാഗത്തിൻ്റെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് രണ്ടാംതവണയും ആർ രാജേഷിനെ സസ്പെൻഡ് ചെയ്തത്. 2018 -19 കാലത്ത് വയനാട്ടിലെ കർഷകരിൽ നിന്ന് തോട്ടണ്ടി വാങ്ങുന്നുവെന്ന വ്യാജേന തമിഴ്‌നാട്ടിലെ കമ്പനിയിൽനിന്ന് ഗുണമേന്മയില്ലാത്ത തോട്ടണ്ടി ഇറക്കുമതി ചെയ്യുകയായിരുന്നു.
വയനാട്ടിൽ കശുമാവ് കൃഷി ചെയ്യുകയാണെന്ന് അവകാശപ്പെട്ട ഷിബു എന്നയാളുമായി ചേർന്ന് നടത്തിയ ക്രമക്കേട് ചെക്ക് പോസ്റ്റുകളിലെ ഇ - വേ ബിൽ പരിശോധിച്ച് ധനകാര്യ വിഭാഗം ആണ് കണ്ടെത്തിയത്. 400 മെട്രിക് ടൺ തോട്ടണ്ടി കാപെക്‌സിന് വാഗ്ദാനം ചെയ്ത ഷിബുവിൻ്റെ തോട്ടത്തിൽ ഉണ്ടായിരുന്നത് 16 കശുമാവ് മാത്രമാണെന്നും കണ്ടെത്തിയിരുന്നു. അഞ്ചരക്കോടിയുടെ ഇടപാടാണ് നടന്നത്. ഈ ക്രമക്കേട് തെളിഞ്ഞിട്ടും സർക്കാർ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തേക്ക് ആർ രാജേഷിനെ തിരിച്ചെടുത്തത് വിവാദമായിരുന്നു.