തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ.ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്‍കിയ ശുപാര്‍ശ കത്ത് പുറത്ത്.
ഗോപിനാഥ് രവീന്ദ്രന്‍റെ നേതൃത്വത്തില്‍ കണ്ണൂര്‍ സര്‍വകലാശാല മികവിന്‍റെ ഉന്നതങ്ങളിലാണ്. കണ്ണൂര്‍ സര്‍വകലാശാല നിയമത്തിന്‍റെ വകുപ്പ് 10 (10) പ്രകാരം നിലവിലെ വൈസ് ചാന്‍സലര്‍ക്ക് പ്രായപരിധി പരിഗണിക്കാതെ പുനര്‍ നിയമനം വ്യവസ്ഥ ചെയ്യുന്നുണ്ട്.
ആയതിനാല്‍ പുതിയ വൈസ് ചാന്‍സലറെ കണ്ടെത്തുന്നതിന് സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു കൊണ്ട് ഗവര്‍ണര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും കത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി അഭ്യർഥിച്ചിട്ടുണ്ട്.
Also Read: 'ഗവര്‍ണറുടെ നിലപാട് മാറ്റം ദുരൂഹം' ; ചാന്‍സലര്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ട ആളല്ലെന്ന് കോടിയേരി
ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ അക്കാദമിക യോഗ്യതകളും അദ്ദേഹം കണ്ണൂര്‍ സര്‍വകലാശാലയെ മികവിന്‍റെ കേന്ദ്രമാക്കാന്‍ നടത്തിയ പരിശ്രമങ്ങളും ചൂണ്ടിക്കാട്ടിയാണ് മന്ത്രി ആര്‍. ബിന്ദുവിന്‍റെ ശുപാര്‍ശ കത്ത് ആരംഭിക്കുന്നത്. കത്തിന്‍റെ പകര്‍പ്പ് ഇടിവി ഭാരതിനു ലഭിച്ചു. വെറും അലങ്കാരിക പദവിമാത്രമായ പ്രോ വി.സി സ്ഥാനത്തിരിക്കുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ഇത്തരത്തില്‍ ഒരു കത്ത് ഗവര്‍ണര്‍ക്ക് നല്‍കിയത് സ്വജന പക്ഷപാതവും അഴിമതിയുമാണെന്നാണ് പ്രതിപക്ഷ ആരോപണം.
ഇത് മുന്‍പ് ഉന്നത വിദ്യാഭ്യാസമന്ത്രിയായിരുന്ന കെ.ടി.ജലീലിന്‍റെ രാജിക്കു സമാന സാഹചര്യം സൃഷ്ടിച്ചിരിക്കയാണെന്നും മന്ത്രി രാജിവയ്ക്കണമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. അതേസമയം മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസമന്ത്രിക്കും പിന്തുണയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, എസ്.എഫ്.ഐ എന്നീ ഇടതു സംഘടനകളും രംഗത്തെത്തി.