തിരുവനന്തപുരം: മധ്യപ്രദേശിലെ പഠനയാത്രയ്‌ക്കിടെ അപകടത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ചികിത്സാസൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. ജില്ല മജിസ്ട്രേറ്റിൻ്റെ മേൽനോട്ടത്തിൽ പൊലീസ് സൂപ്രണ്ട് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. 16 വിദ്യാർഥികളും ഒരു അധ്യാപകനും ആണ് അവിടെയുള്ളത്. എല്ലാവിധ സൗകര്യങ്ങളും ഉള്ള ഹോസ്‌പിറ്റലിൽ തന്നെയാണ് എല്ലാവരെയും പ്രവേശിപ്പിച്ചിട്ടുള്ളതെന്നും മന്ത്രി തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം: 'പഠനയാത്രക്കിടെ മധ്യപ്രദേശിൽ അപകടത്തിൽപ്പെട്ട ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സംഘത്തിന് ചികിത്സയടക്കം എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. അപകടം നടന്ന കട്‌നിയിലെ ജില്ലാ മജിസ്‌ട്രേറ്റിൻ്റെ മേൽനോട്ടത്തിൽ പാണയിലെ പോലീസ് സൂപ്രണ്ട് നേരിട്ടുതന്നെ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കിയിട്ടുണ്ട്.
പതിനാറ് വിദ്യാർത്ഥികളും ഒരു അധ്യാപകനുമാണ് കട്‌നിയിലുള്ളത്.
സാരമായ പരിക്കെന്നു പറയാവുന്ന രണ്ടു പേരും ഏറ്റവും മികച്ച ചികിത്സാസൗകര്യമുള്ള ആശുപത്രികളിലാണ്. തലയ്‌ക്കു പരിക്കുള്ള ഒരു വിദ്യാർഥിയെ സി ടി സ്‌കാൻ, ശസ്ത്രക്രിയ സൗകര്യങ്ങളുള്ള ജബൽപൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബാക്കി മിക്കവർക്കും പ്രഥമ ശുശ്രൂഷ മാത്രമേ നൽകേണ്ടി വന്നിട്ടുള്ളൂ.
അപകടം നടന്ന ജില്ലയുടെ ചുമതലയുള്ള സംസ്ഥാനമന്ത്രി ആശുപത്രി സന്ദർശിച്ച് വേണ്ട നിർദ്ദേശങ്ങൾ ചികിത്സാകാര്യത്തിൽ നൽകിയിട്ടുണ്ട്. സർക്കാർ വേണ്ടതെല്ലാം ചെയ്യുന്നുണ്ട്.നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. രക്ഷിതാക്കളും സഹപാഠികളും ഒരു നിലക്കും ആശങ്കപ്പെടേണ്ടതില്ല'.