തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് സംഘം ചോദ്യം ചെയ്തതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു. എം ശിവശങ്കറിന്‍റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് സംഘം ഇന്നലെ ചോദ്യം ചെയ്യലിനിടെ പിടിച്ചെടുത്തു. ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിടെയാണ് ഇന്നലെ കസ്റ്റംസ് സംഘം ഫോണ്‍ പിടിച്ചെടുത്തത്.
കേസിലെ മുഖ്യ പ്രതികളായ സരിത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുമായുള്ള ബന്ധം പരിശോധിക്കുന്നതിനാണ് ഫോണ്‍ കസ്റ്റംസ് സംഘം പിടിച്ചെടുത്തത്. ഇവരുമായുള്ള ബന്ധം ശിവശങ്കര്‍ ഇന്നലെ കസ്റ്റംസ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഫോണ്‍ വിളികള്‍ സംബന്ധിച്ചുള്ള ശാസ്ത്രീയ പരിശോധന നടത്തുന്നതിനാണ് സംഘം ഫോണ്‍ പിടിച്ചെടുത്തത്. ഉന്നതരടക്കമുള്ള കൂടുതല്‍ പേര്‍ക്ക് സ്വര്‍ണക്കടത്തിലെ ബന്ധം പരിശോധിക്കുകയാണ് കസ്റ്റംസിന്‍റെ ലക്ഷ്യം.
ഫോണ്‍ വിവരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ എന്‍.ഐ.എക്കും കൈമാറിയേക്കും. ഇന്നലെ വൈകിട്ട് 5.15 മുതല്‍ ഇന്ന് പുലര്‍ച്ചെവരെയാണ് കസ്റ്റംസ് സംഘം തിരുവവന്തപുത്തെ ഓഫീസില്‍ വിളിപ്പിച്ച് ശിവശങ്കറിനെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു വിധേയമാക്കിയത്. ഇനിയും ശിവശങ്കറിനെ ചോദ്യം ചെയ്യുമെന്നാണ് സൂചന.