തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും പി.വി.അബ്ദുള്‍ വഹാബ്, ജോണ്‍ ബ്രിട്ടാസ്, ഡോ.വി. ശിവദാസന്‍ എന്നിവര്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടതെന്ന് വരണാധികാരിയും നിയമസഭാ സെക്രട്ടറിയുമായ എസ്.വി.ഉണ്ണികൃഷ്ണന്‍ നായര്‍ അറിയിച്ചു. ജോൺ ബ്രിട്ടാസ്, ഡോ. വി. ശിവദാസൻ എന്നിവർ എൽഡിഎഫ് പ്രതിനിധികളായും പിവി അബ്ദുൾ വഹാബ് യുഡിഎഫ് പ്രതിനിധിയായുമാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം മാത്രമേ രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുവെന്നായിരുന്നു തെരഞ്ഞെടുപ്പു കമ്മിഷന്‍റെ തീരുമാനമെങ്കിലും ഹൈക്കോടതി ഇടപെടലോടെ തീരുമാനം പിന്‍വലിക്കേണ്ടി വന്നു. രാജ്യസഭയിലേക്ക് മാര്‍ച്ചില്‍ ഒഴിവുവന്ന മൂന്ന് സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനമിറക്കിയത്.
ഏപ്രില്‍ 6ന് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ പുതിയ നിയമസഭാംഗങ്ങള്‍ക്കു മാത്രമേ ജനഹിതം പ്രകടിപ്പിക്കാന്‍ കഴിയൂ എന്ന കാരണം പറഞ്ഞായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടു പോയത്. ഇതിനെതിരെ സിപിഎം എംഎല്‍എ എസ്. ശര്‍മ്മയും നിയമസഭാ സെക്രട്ടറിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരും മുന്‍പ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി ഉത്തരവും നല്‍കി. പിവി അബ്ദുൾ വഹാബിന്‍റെയും കെകെ രാഗേഷിന്‍റെയും വയലാർ രവിയുടെയും കാലാവധി തീർന്നപ്പോൾ വന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.