തിരുവനന്തപുരം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആദ്യ നാല് മണിക്കൂറില്‍ കനത്ത പോളിങ്. ആദ്യ നാല് മണിക്കൂറില്‍ പോളിങ് ശതമാനം 30 കടന്നു. പുതുപ്പള്ളിയുടെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ ഉയര്‍ന്ന പോളിങ് ശതമാനം പതിവാണ്. അത്രത്തോളം ആവേശത്തോടെയാണ് പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ ജനാധിപത്യ പ്രക്രിയയെ സമീപിക്കുന്നത് (Puthuppally By Election).
എന്നാല്‍ ഇത്തവണ പുതുപ്പള്ളിക്ക് പതിവില്ലാത്ത കാഴ്‌ചകളുമായാണ് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചത്. അതില്‍ പ്രധാനം സ്ഥാനാര്‍ഥിയായി ഉമ്മന്‍ ചാണ്ടി ഇല്ല എന്നത് തന്നെയാണ്. 53 വര്‍ഷത്തിന് ശേഷമാണ് പുതുപ്പള്ളിക്കാര്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്ലാത്ത ബാലറ്റില്‍ വോട്ട് ചെയ്യുന്നത്.
മണ്ഡലം ഇളക്കി മറിച്ചുള്ള പ്രചാരണത്തിനും അതിന്‍റെ ആവേശം ഒട്ടും ചോരാത്ത കൊട്ടികലാശത്തിനും ശേഷം അതേ വികാരത്തില്‍ തന്നെയാണ് ജനങ്ങള്‍ പോളിങ് ബൂത്തിലേക്ക് എത്തുന്നത്. 7 മണിക്ക് പോളിങ് ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ ബൂത്തുകളില്‍ ജനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. അതേ നില ഇപ്പോഴും തുടരുകയാണ്.
ശരാശരി 70 ന് മുകളില്‍ : ശരാശരി 70 ശതമാനത്തിന് മുകളില്‍ പുതുപ്പള്ളിയില്‍ വോട്ടിങ് എത്താറുണ്ട്. 2021 ല്‍ പുതുപ്പള്ളിയിലെ വോട്ടിങ് ശതമാനം 74.84 ആയിരുന്നു. 176103 വോട്ടര്‍മാരില്‍ 131797 പേര്‍ 2021ലെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‌തു (Puthuppally Election History).
ഉമ്മന്‍ ചാണ്ടി 63372 വോട്ട് നേടിയപ്പോള്‍ സിപിഎം സ്ഥാനാര്‍ഥിയായ ജെയ്ക്കിന് 54328 വോട്ടുകളാണ് നേടാനായത്. 9044 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ ചാണ്ടി വിജയിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു ഇത്.
2016ല്‍ 77.38 ശതമാനവും 2011ല്‍ 74.46 ശതമാനവുമായിരുന്നു പോളിങ്. ഇത്തവണയും കനത്ത പോളിങ് തന്നെ നടക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍. രാവിലെ മുതലുള്ള പോളിങ് ബൂത്തിലെ തിരക്ക് ആ സൂചനയാണ് നല്‍കുന്നത്.
ആകെ വോട്ടര്‍മാര്‍ 176417, കൂടുതല്‍ സ്ത്രീ വോട്ടർമാർ : പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ 176417 വോട്ടര്‍മാരാണ് ആകെയുള്ളത്. സ്ത്രീ വോട്ടര്‍മാരാണ് പുതുപ്പള്ളിയില്‍ കൂടുതലുള്ളത്. 90281 സ്ത്രീ വോട്ടര്‍മാരും, 86132 പുരുഷ വോട്ടര്‍മാരും, 4 ട്രാന്‍സ് ജെന്‍ഡര്‍മാരുമാണുള്ളത്. 8 പഞ്ചായത്തുകളിലായി 182 ബൂത്തുകളിലായാണ് ഈ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കുക.
അയര്‍ക്കുന്നം, വാകത്താനം പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ പോളിങ് ബൂത്തുകളുള്ളത്. 28 എണ്ണം വീതം. കുറവ് പോളിങ് മീനടം പഞ്ചായത്തിലാണ്. 13 ബൂത്തുകള്‍.