തിരുവനന്തപുരം: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം. തട്ടിപ്പ് അന്വേഷിക്കാനായി സഹകരണ വകുപ്പാണ് പുതിയ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയത്. എടുക്കാത്ത വായ്‌പയിന്മേൽ നോട്ടിസ് ലഭിച്ച കർഷകൻ ആത്മഹത്യ ചെയ്‌ത സംഭവത്തെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തിനെ തീരുമാനിച്ചതെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വിഎൻ വാസവൻ അറിയിച്ചു.
ബാങ്കിന്‍റെ വായ്‌പ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. സഹകരണ സംഘം രജിസ്ട്രാറാണ് തട്ടിപ്പിൽ അന്വേഷണം നടത്താനുള്ള ചുമതല അന്വേഷണ സംഘത്തിന് നൽകി ഉത്തരവിറക്കിയത്. സഹകരണ നിയമം വകുപ്പ് 66(1) പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചുള്ള ഉത്തരവ്.
തട്ടിപ്പ് പുറത്തുവരുന്നത് ഇങ്ങനെ: തട്ടിപ്പിൽ ആദ്യം അന്വേഷണം നടത്തിയ സംഘം ബാങ്കിന്‍റെ നടപടികൾ പലതും നിയമവിരുദ്ധമായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. 2015-16 വർഷത്തിൽ ബാങ്കിൽ നടന്നിട്ടുള്ള പല വായ്‌പ ഇടപാടുകളിലും ബിനാമി വായ്‌പകൾ ഉൾപ്പെടെയുള്ള ക്രമക്കേടുകൾ നടന്നുവെന്ന് പരാതി ലഭിച്ചിരുന്നു. ഈ പരാതിയിലും നടത്തിയ പരിശോധനയിൽ ബിനാമി ഇടപാടുകൾ നടന്നുവെന്നാണ് കണ്ടെത്തൽ.
Also read: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: കെപിസിസി ജനറൽ സെക്രട്ടറി കെകെ എബ്രഹാമിന്‍റെ ജാമ്യാപേക്ഷ തള്ളി
തുച്ഛവില വരുന്ന ഭൂമിക്ക് ബിനാമി മുഖേന വായ്‌പകൾ വ്യാപകമായി അനുവദിക്കുക, ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളുടെയും പേരിൽ അനുവദിച്ച വായ്‌പകളിലെ ക്രമക്കേട്, നിയമവിരുദ്ധവും ബാങ്ക് വ്യവസ്ഥകൾക്ക് വിരുദ്ധവുമായ വായ്‌പ അനുവദിക്കൽ, നിയമവിരുദ്ധമായി പ്രോപ്പർട്ടി ഇൻസ്‌പെക്ഷൻ ഫീസ് വാങ്ങൽ, ഈട് വസ്‌തുവിന്‍റെ അസ്സൽ പ്രമാണം ഇല്ലാതെ പോലും വായ്‌പ അനുവദിക്കുക. പുറമെ ബാങ്കിന്‍റെ പ്രവർത്തന പരിധിക്ക് പുറത്ത് മൂല്യം കുറഞ്ഞ വസ്‌തു ഈടായി സ്വീകരിച്ച് വായ്‌പകൾ നൽകുക, പണയ വസ്‌തുക്കളുടെയും മറ്റ് സ്വത്തുക്കളുടെയും ഉൾപ്പെടെ അന്വേഷണ റിപ്പോർട്ടിൽ വ്യാജമായ വസ്‌തുതകൾ റിപ്പോർട്ട് ചെയ്യുക തുടങ്ങിയ ക്രമക്കേടുകളാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതനുസരിച്ചുള്ള നടപടികളാണ് സ്വീകരിച്ചുവന്നിരുന്നത്.
നടപടികളിലേക്ക് നീങ്ങുന്നു: അതിനിടെയാണ് കർഷകന്‍റെ ആത്മഹത്യ ഉണ്ടാകുന്നത്. അതിനുശേഷമാണ് തട്ടിപ്പ് കൂടുതൽ വ്യാപകമായി വന്നുവെന്ന് തിരിച്ചറിയുന്നത്. കൂടുതൽ തട്ടിപ്പുകൾ പുറത്തുകൊണ്ട് വരാൻ സമഗ്രമായ അന്വേഷണം ആവശ്യമാണ്. ഇതിനായാണ് അന്വേഷണ സംഘത്തെ ഇപ്പോൾ നിയോഗിച്ചത്. സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ ടി അയ്യപ്പൻ നായരാണ് അന്വേഷണ ഉദ്യോഗസ്ഥൻ. അസിസ്‌റ്റന്‍റ് രജിസ്ട്രാർ അരുൺ, വി സജികുമാർ, രാജാറാം ആർ, ജ്യോതിഷ് കുമാർ പി, ബിബീഷ് എം എന്നിവർ ഉൾപ്പെട്ടതാണ് പുതിയ അന്വേഷണ സംഘം.
അടിയന്തരമായി സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ബാങ്കിലെ വായ്‌പ ക്രമക്കേടുകൾ, ബാങ്കിന്‍റെ ആസ്‌തി ബാധ്യതകൾ, സഹകരണ നിയമവും ചട്ടവും, നിയമാവലി വ്യവസ്ഥകൾക്കും രജിസ്ട്രാറുടെ നിർദേശങ്ങൾക്കും വിരുദ്ധമായി ബാങ്കിന്‍റെ പൊതുഫണ്ട് ചിലവഴിച്ചിട്ടുണ്ടോ എന്നീ വിഷയങ്ങളാകും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുക.
Also read: ബാങ്കിനെ കബളിപ്പിച്ച് ഒന്നര ലക്ഷത്തിലധികം തട്ടി ; രാജസ്ഥാൻ സ്വദേശികള്‍ കൊച്ചിയില്‍ പിടിയില്‍