തിരുവനന്തപുരം: പി.ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു.
ശ്രദ്ധേയനായ പര്‍ലിമെന്‍റേറിയനെയാണ് പി.ടി തോമസിന്‍റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ജേഷ്‌ഠ സഹോദരനെയാണ് നഷ്ടമായത് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. എക്കാലത്തും ശരിയുടെ പക്ഷമായിരുന്നു പി.ടിയുടേത്. പരിസ്ഥിതി, സ്ത്രീ സുരക്ഷ വിഷയങ്ങളിലെ സത്യസന്ധമായ നിലപാടുകള്‍ ഞാന്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു.
പശ്ചിമഘട്ട മേഖലയുടെ സംരക്ഷണം മുന്‍നിര്‍ത്തി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോഴും താന്‍ ശരിയുടെ പക്ഷത്താണെന്ന ഉറച്ച നിലപാടിലായിരുന്നു പി.ടി. പി.ടിയുടെ നിലപാട് മാത്രമായിരുന്നു ശരിയെന്ന് കാലം തെളിയിച്ചതുമാണ്. ശരിക്കുമൊരു പോരാളി. വിയോഗ വാര്‍ത്ത വിശ്വസിക്കാനാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ ശക്തമായി ഉന്നയിക്കാന്‍ സമര്‍ത്ഥനായിരുന്നു പിടി തോമസ് എന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. മികച്ച പ്രാസംഗികനും സംഘാടകനും പാര്‍ലമെന്റേറിയനുമായിരുന്നു അദേഹമെന്നും വി ശിവൻകുട്ടി പറഞ്ഞു.
ALOS READ പരിസ്ഥിതി സംരക്ഷണത്തിനായി നിലകൊണ്ടു, വിടവാങ്ങിയത് ശക്തനായ ജനനേതാവ്
പി.ടി തോമസിന്‍റെ അകാല വേര്‍പാടില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. നിയമസഭ അംഗം എന്ന നിലയിലും പാര്‍ലമെന്റ് അംഗം എന്ന നിലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഒരു പാര്‍ലമെന്‍റേറിയന്‍ ആയിരുന്നു പി.ടി തോമസ്.
വിദ്യാര്‍ഥി സംഘടന നേതാവായിരുന്ന കാലം മുതല്‍ കേരള രാഷ്ട്രീയത്തില്‍ സജീവമായി ആയി ഇടപെട്ടിരുന്ന ഒരു വ്യക്തിയെയാണ് നമുക്ക് നഷ്ടപ്പെട്ടിട്ടുള്ളത്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും കോടിയേരി പ്രതികരിച്ചു.
എല്ലാ കാലത്തും തന്‍റെ നിലപാടുകളില്‍ ഉറച്ചു നിന്ന നേതാവായിരുന്നു പി.ടി തോമസ് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. പി.ടി തോമസിന്‍റെ അപ്രതീക്ഷിത മരണം കേരള രാഷ്ട്രീയത്തിന് നഷ്ടമാണ്.
ALSO READ വിയോജിപ്പുകളോട് എന്നും സന്ധിയില്ലാത്ത നിലപാട്; വിടവാങ്ങിയത് കോണ്‍ഗ്രസിന്‍റെ കരുത്തനായ മുഖം
വ്യത്യസ്ത രാഷ്ട്രീയ ധ്രുവങ്ങളിലായിരുന്നെങ്കിലും പിടിയുമായി വ്യക്തിപരമായി ഏറെ സൗഹൃദമുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ സഹപ്രവര്‍ത്തകരുടേയും കുടുംബത്തിന്‍റെയും ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു
മണ്ഡലത്തിലെയും മറ്റ് പൊതുവിഷയങ്ങളും പഠിച്ച് മികച്ച രീതിയില്‍ സഭക്കകത്ത് ഇടപെടല്‍ നടത്താന്‍ കഴിയുന്ന നേതാവായിരുന്നു പി.ടി തോമസ് എന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ദീര്‍ഘകാലത്തെ അടുപ്പം അദ്ദേഹവുമായി ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും പി.രാജീവ് പറഞ്ഞു.
ALSO READ PT Thomas: പിന്നിട്ടത് കനല്‍ വഴികള്‍; വിട്ടുവീഴ്‌ചയില്ലാത്തത് ആദര്‍ശത്തില്‍