തിരുവനന്തപുരം: സഭ ഇങ്ങനെയൊക്കെയാണെന്ന് കരുതി വരുന്ന കൂട്ടരെ പ്രതിപക്ഷം നിയന്ത്രിക്കണമെന്ന് സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ. പ്രതിപക്ഷം സ്‌പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം . സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ച നാല് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സ്‌പീക്കര്‍ ശാസന നല്‍കിയിരുന്നു. സഭയുടെ അന്തസിനു ചേരാത്ത വിധം എം.എല്‍.എമാര്‍ പ്രവര്‍ത്തിച്ചു. ചട്ടം ലംഘിച്ചാല്‍ നടപടി സ്വീകരിക്കേണ്ടത് ചെയറിന്‍റെ കര്‍ത്തവ്യമാണ്. സഭയുടെ ചരിത്രത്തില്‍ ഇല്ലാത്തവിധം പ്രതിപക്ഷം പെരുമാറി. ചട്ടവിരുദ്ധമായ പ്രവൃത്തികളിൽ നടപടി അനിവാര്യമാണ്. സഭയുടെ അന്തസ്സിന് നിരക്കാത്ത പ്രവർത്തിയിലെടുത്ത നടപടി അംഗീകരിക്കണമെന്നും സ്പീക്കർ അറിയിച്ചു. പ്രതിപക്ഷ നേതാവ് ഇതൊന്നുമറിയാത്തയാളല്ല. പ്രതിപക്ഷ നേതാവിനെ മറികടന്ന് അദ്ദേഹത്തിന്റെ അനുയായികൾ പെരുമാറുന്നുവെന്നും സ്‌പീക്കർ കുറ്റപ്പെടുത്തി.
പാർലമെന്ററി കാര്യങ്ങളും ചട്ടങ്ങളും അംഗീകരിക്കില്ല എന്ന നടപടി ശരിയല്ല. എല്ലാ ദിവസവും ഇത് കാണിക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് ബി.ജെ.പി എം.എൽ.എ രാജഗോപാൽ കക്ഷി നേതാക്കളുടെ യോഗത്തിൽ പറഞ്ഞത്. അതിന് രാഷ്ട്രീയ ബാന്ധവമെന്ന ആരോപണം ബാലിശമാണ് . മാന്യമായ നിലപാടിനെ ദൗർബല്യമായി കണ്ട് സ്പീക്കറെ സമ്മർദത്തിലാക്കരുത്. അങ്ങനെ സമ്മർദത്തിന് വഴങ്ങാനാകില്ല. വിവാദങ്ങളിലേക്ക് നിയമസഭ അധ്യക്ഷനെ വലിച്ചിഴക്കുന്നത് ശരിയല്ലെന്നും ഇത് തിരുത്തണമെന്നും പി.ശ്രീരാമകൃഷ്ണൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം സഭ നിർത്തിവെക്കുന്നതായി അറിയിപ്പ് നൽകിയാണ് ചെയറിൽ നിന്നും പോയത്. മൈക്ക് ഓഫായതിനാലാണ് വ്യക്തമാകാതെയിരുന്നത്. മർദനമേറ്റ ഷാഫി പറമ്പിൽ എം.എൽ.എയെ സന്ദർശിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചിരുന്നു. ഷാഫി പറമ്പിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയാൽ പരിശോധിക്കാമെന്നും സ്പീക്കർ പറഞ്ഞു. സാമാജികർക്ക് ഇതിനു മുൻപും പരിക്കേറ്റിട്ടുണ്ട്. മുഖ്യമന്ത്രി തന്നെ അതിന് അനുഭവസ്ഥനാണെന്നും സ്പീക്കർ വ്യക്തമാക്കി.