തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിലെ വിവാദങ്ങൾക്ക് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്തായ മുൻ കെപിസിസി സെക്രട്ടറി പി.എസ്. പ്രശാന്ത് സിപിഎമ്മിൽ ചേർന്നു. എകെജി സെന്‍ററിലേക്ക് നേരിട്ടെത്തിയ പ്രശാന്തിനെ എ. വിജയരാഘവന്‍ സ്വീകരിക്കുകയായിരുന്നു.
വരുന്നത് ഉപാധിയില്ലാതെ, കോണ്‍ഗ്രസ് ദുര്‍ബ്ബലമായെന്ന് വിമർശനം
ഒരുപാധിയുമില്ലാതെയാണ് താന്‍ സിപിഎമ്മിലെത്തിയതെന്നും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ആത്മാര്‍ത്ഥതയോടെ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുമെന്നും പ്രശാന്ത് പറഞ്ഞു. ഒരു പൊതു പ്രവര്‍ത്തകനെ സംബന്ധിച്ച് മനസമാധാനത്തോടെ പൊതു പ്രവര്‍ത്തനം നടത്താനും സ്വസ്ഥമായി ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ അവസരവുമാണ് വേണ്ടത്. നെടുമങ്ങാട് പരാജയത്തിനു ശേഷം അത് ഇല്ലാതായെന്നു മാത്രമല്ല, പരാജയപ്പെടുത്താന്‍ നേതൃത്വം നല്‍കിയവരെ ജില്ലാ നേതൃത്വത്തിന്‍റെ തലപ്പത്തേക്ക് കോണ്‍ഗ്രസ് നിയമിക്കുകയും ചെയ്‌തു.
അവിടെ പൊതു പ്രവര്‍ത്തനം അസാധ്യമായിരിക്കുന്നു. പ്രാദേശിക നേതൃത്വത്തെ വിശ്വാസത്തിലെടുക്കാത്ത സംവിധാനമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മാറി. അച്ചടക്കമില്ലാതെ കോണ്‍ഗ്രസ് ദുര്‍ബ്ബലമായി. ഈ സാഹചര്യത്തില്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന കേരള മോഡലിനാണ് കേരളത്തിലെ ജനങ്ങള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിധിയെഴുതിയതെന്നും ഇനി തന്‍റെ യാത്ര അതിനൊപ്പമാണെന്നും സിപിഎമ്മില്‍ ചേര്‍ന്ന ശേഷം പ്രശാന്ത് പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ അപ്രതീക്ഷിതമായി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനൊപ്പം പ്രശാന്ത് വാര്‍ത്താ സമ്മേളന വേദിയിലെത്തുകയായിരുന്നു. ഷാളണിയിച്ചാണ് വിജയരാഘവന്‍ അദ്ദേഹത്തെ സ്വീകരിച്ചത്.
ALSO READ: വഴങ്ങാതെ ഉമ്മൻ ചാണ്ടിയും രമേശും, അനുനയത്തില്‍ കരുതലോടെ ഹൈക്കമാൻഡ് പക്ഷം