തിരുവനന്തപുരം : ഏറെ അഭിമാനം തോന്നുന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഖേല്‍രത്ന പുരസ്‌കാരത്തിന് അര്‍ഹനായ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറും മുന്‍ ക്യാപ്റ്റനുമായ പി.ആർ ശ്രീജേഷ്. സന്തോഷം പങ്കുവയ്ക്കാന്‍ വാക്കുകളില്ല. ഹോക്കി കളിച്ച് തുടങ്ങുന്ന സമയത്ത് ഇന്ത്യൻ ടീം എന്ന് പോലും ചിന്തിക്കാത്തയാളാണ്. ഇപ്പോൾ ഈ നേട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ വലിയ അഭിമാനമുണ്ടെന്നും ശ്രീജേഷ് പ്രതികരിച്ചു.
ഹോക്കിയുടെ പ്രചാരത്തിനായി ആകുംവിധം പരിശ്രമിക്കും. സ്കൂളുകളിൽ ഹോക്കി എങ്ങനെ എത്തിക്കാം എന്നതിലാണ് ഇപ്പോൾ ആലോചന മുഴുവൻ. എങ്കിൽ മാത്രമേ കൂടുതൽ കുട്ടികളെ ഹോക്കിയിലേക്ക് ആകർഷിക്കാൻ കഴിയൂ. ഹോക്കി ലീഗ് വരികയാണെങ്കിൽ കൂടുതൽ പേർക്ക് അവസരം ലഭിക്കും.
Also Read: ആശുപത്രിയിലെത്തിക്കാതെ 'ജപിച്ച് ഊതല്‍' ; ഫാത്തിമയുടെ മരണത്തില്‍ അറസ്‌റ്റിനൊരുങ്ങി പൊലീസ്
കേരളത്തിൽ കൂടുതൽ ഹോക്കി പരിശീലന സെന്‍ററുകൾ കൊണ്ടുവരേണ്ടതുണ്ട്. സോൺ അടിസ്ഥാനത്തിലെങ്കിലും കൂടുതൽ ഹോക്കി സ്റ്റേഡിയങ്ങൾ കൊണ്ടുവരണം. എങ്കിൽ മാത്രമേ കുട്ടികൾക്ക് പരിശീലനത്തിന് അവസരം ലഭിക്കുകയുള്ളൂ.
കുട്ടികളുടെ ഹീറോയായി നിൽക്കാൻ കഴിയുന്നത് തന്നെ സന്തോഷം നൽകുന്നതാണെന്നും ശ്രീജേഷ് പറഞ്ഞു. ഖേൽരത്ന പുരസ്കാര പ്രഖ്യാപനത്തിന് ശേഷം തിരുവനന്തപുരത്താണ് ശ്രീജേഷ് മാധ്യമങ്ങളെ കണ്ടത്.