തിരുവനന്തപുരം: വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവിന്മേല്‍ സര്‍ക്കാര്‍ തയ്യാറാക്കിയ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ ജനരോഷം ശക്തമാകുന്നു. എന്നാല്‍ ജനവാസമേഖല കണ്ടെത്തുന്നതിന് നടത്തിയ ഉപഗ്രഹ സര്‍വേ സംബന്ധിച്ച് ശക്തമായ എതിര്‍പ്പിനിടെ പ്രശ്‌നം തണുപ്പിക്കാനുള്ള ആലോചന ശക്തമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. അതേസമയം ഉപഗ്രഹ സര്‍വേ അങ്ങേയറ്റം അപൂര്‍ണവും അവ്യക്തവുമാണെന്നാണ് ജനവാസമേഖലയില്‍ ഉയരുന്ന പരാതി.
മലക്കം മറിഞ്ഞ് വനംമന്ത്രി: ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്മേല്‍ ആക്ഷേപം സമര്‍പ്പിക്കാനുള്ള സമയപരിധി ദീര്‍ഘിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. അവ്യക്തമെന്ന് ബഫര്‍ സോണ്‍ മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍ ആരോപിക്കുന്നതിനിടെ ഇതേ റിപ്പോര്‍ട്ട് തന്നെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതും കൂടുതല്‍ ആശങ്കകള്‍ക്കിടയാക്കുന്നുണ്ട്. അതേസമയം ഈ റിപ്പോര്‍ട്ടല്ല സമര്‍പ്പിക്കുകയെന്ന് നേരത്തേ പ്രഖ്യാപിച്ച വനംമന്ത്രിയാണ് ഇപ്പോള്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരിക്കാനാകില്ലെന്ന പുതിയ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
'പൊടിക്കൈ' ഫലം കാണുമോ?: ജനുവരി രണ്ടാം വാരം സുപ്രീംകോടതി കേസ് പരിഗണനയ്‌ക്കെടുക്കുന്നതിനിടെ ജനങ്ങളുടെ പരാതി പരിഹരിക്കുന്ന തരത്തിലുള്ള പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കുക സാധ്യമല്ലെന്നാണ് വനംമന്ത്രിയുടെ പുതിയ വിശദീകരണം. വിദഗ്‌ധ സമിതി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് പിന്നീട് അനുബന്ധമായി കോടതിക്കു നല്‍കുമെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും അനുബന്ധ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതു സംബന്ധിച്ച് നിയമോപദേശം തേടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ആദ്യം തന്നെ തെറ്റി, പിന്നെയാണോ?: അതേസമയം സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉപഗ്രഹ സര്‍വേ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ തീരുമാനിച്ചത്. ഈ റിപ്പോര്‍ട്ടാകട്ടെ അടിമുടി അബദ്ധമാണെന്ന ആരോപണം ശക്തവുമാണ്. ഈ സാഹചര്യത്തില്‍ അബദ്ധം നിറഞ്ഞ റിപ്പോര്‍ട്ട് ആദ്യം തയ്യാറാക്കിയ ശേഷം വിദഗ്‌ധ സമിതിയുടെ അനുബന്ധ റിപ്പോര്‍ട്ടില്‍ അതെല്ലാം തിരുത്താമെന്ന നിലപാട് കോടതി അംഗീകരിച്ചേക്കില്ലെന്ന് ചൂണ്ടിക്കാട്ടുന്ന നിയമ വിദഗ്‌ധരുമുണ്ട്. വിദഗ്‌ധ സമിതിക്ക് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സാവകാശം വേണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യം തന്നെ കോടതി അംഗീകരിക്കണമെന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
കണക്കുകൂട്ടല്‍ തെറ്റുമോ?: രണ്ടുമാസം കൊണ്ട് സ്ഥല പരിശോധന പൂര്‍ത്തിയാക്കാമെന്ന സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍ പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടുന്നവര്‍ ഏറെയാണ്. ജനങ്ങള്‍ക്ക് പരാതി നല്‍കാനുള്ള സമയം ഡിസംബര്‍ 23 വരെയാണ്. ഇത് 15 ദിവസം കൂടി നീട്ടും. പരാതികള്‍ തരംതിരിച്ച ശേഷമായിരിക്കും നേരിട്ടുള്ള സ്ഥല പരിശോധന. അപ്പോഴേക്കും ജനുവരി കഴിയും. വനമേഖലകള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലെ സ്ഥല പരിശോധന ബുദ്ധിമുട്ടായതിനാല്‍ വീണ്ടും സാവകാശം വേണമെന്നത് സുപ്രീംകോടതി അംഗീകരിക്കുമോ എന്ന് കണ്ടുതന്നെ അറിയണം. സര്‍വേ നടത്തി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഇക്കൊല്ലം ജൂണ്‍ മൂന്നിന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യങ്ങള്‍ വച്ച് താമസിപ്പിക്കുകയായിരുന്നു.
ധൃതി കൂടിപ്പോയോ?: ഒടുവില്‍ ഉപഗ്രഹ സര്‍വേ നടത്താന്‍ കേരള സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്‍റ് സെന്‍ററിനെ(കെഎസ്ആര്‍ഇസി) എല്‍പ്പിക്കാന്‍ ജൂലൈ 11നാണ് ധാരണയാകുന്നത്. ഉത്തരവിറങ്ങാന്‍ പിന്നെയും 10 ദിവസം വൈകി. സര്‍വേ നടത്താന്‍ കെഎസ്ആര്‍ഇസിക്ക് സര്‍ക്കാര്‍ 50 ദിവസം നല്‍കിയെങ്കിലും ഇവര്‍ 42 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇതില്‍ തന്നെ 22 സംരക്ഷിത വനമേഖലകളില്‍ 14 എണ്ണത്തിന്റെ സര്‍വേ പൂര്‍ത്തിയാക്കിയത് വെറും 16 ദിവസം കൊണ്ടാണ്. തിരക്കിട്ട് സര്‍വേ നടത്തിയെന്ന ആക്ഷേപം ശക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. പിഴവുകള്‍ കണ്ടെത്തി തിരുത്തേണ്ട വനംവകുപ്പും ഇക്കാര്യം ശ്രദ്ധിച്ചില്ല. എന്നാല്‍ ഓഗസ്‌റ്റ് 29ന് കെഎസ്ആര്‍ഇസി നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത് ഈ മാസം 12ന് മാത്രമാണ്.
അപ്പോഴേക്കും സുപ്രീംകോടതി ഉത്തരവിറങ്ങി ആറുമാസം പിന്നിട്ടു കഴിഞ്ഞിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തായപ്പോള്‍ ജനങ്ങള്‍ അപാകത ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. അതേസമയം ഈ പ്രതിഷേധം ഭയന്നാണ് ഇത്രയും കാലം റിപ്പോര്‍ട്ട് താമസിപ്പിച്ചതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിഷേധത്തിന്‍റെ തീവ്രത കുറയ്ക്കാന്‍ സര്‍ക്കാര്‍ വഴിതേടുന്നത്. ഇതിന്‍റെ ഭാഗമായാണ് വനംമന്ത്രി, റവന്യൂ മന്ത്രി, തദ്ദേശ ഭരണ മന്ത്രി എന്നിവരെ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി ഉന്നത തലയോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് വിലയിരുത്തല്‍.