തിരുവനന്തപുരം: ജോലി നൽകുമെന്ന് ഉറപ്പു നൽകിയ സർക്കാർ ഉറപ്പ് പാലിക്കണമെന്ന് ആവശ്യപ്പെട്ട് കായിക താരങ്ങളും സമരത്തിൽ. സെക്രട്ടേറിയറ്റിനു മുൻപിൽ മുട്ടിലിഴഞ്ഞാണ് കായിക താരങ്ങൾ പ്രതിഷേധിച്ചത്. നാൽപ്പതു ദിവസമായി സമരം ചെയ്യുന്ന വനിതാ കായിക താരങ്ങൾ ഉൾപ്പെടെയാണ് തല മൂടിക്കെട്ടിയും മുട്ടിലിഴഞ്ഞും പ്രതിഷേധിച്ചത്.
ആറു വർഷം മുൻപ് വാഗ്‌ദാനം ചെയ്ത ജോലിക്കായാണ് കായിക താരങ്ങളുടെ സമരം. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് ഉറപ്പു ലഭിച്ചത്. എന്നാൽ എന്ന് നിയമനം നൽകുമെന്ന വ്യക്തത സർക്കാർ നൽകിയിട്ടില്ലെന്നും സമരം തുടങ്ങി നാൽപ്പത് ദിവസമായിട്ടും സർക്കാരോ ഉദ്യോഗസ്ഥരോ ഇവരുമായി ചർച്ചയ്ക്ക് തയ്യാറായിട്ടില്ലെന്നുമാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. സ്‌പോർട്‌സ് കൗൺസിൽ പ്രതിനിധികൾ പോലും തങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു.
കഴിഞ്ഞ ദിവസം തല മൊട്ടയടിച്ചും മുടി മുറിച്ചും കായിക താരങ്ങൾ പ്രതിഷേധിച്ചിരുന്നു. സർക്കാർ വാക്കു പാലിക്കും വരെ സമരം ചെയ്യാനാണ് ഇവരുടെ തീരുമാനം.