തിരുവനന്തപുരം: ശ്രീകാര്യം ജങ്ഷനില്‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ എസ്ഐയുടെ കോലം കത്തിച്ച് പ്രതിഷേധം. ജങ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിൽ വരുന്നവരുടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് അനധികൃത പെറ്റി ചുമത്തുന്നതായി എസ്ഐക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. ഇത് ചോദ്യം ചെയ്ത പാർട്ടി നേതാക്കൾക്കെതിരെ കള്ള കേസ് എടുത്ത എസ്ഐയുടെ നടപടിക്കെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ശ്രീകാര്യത്ത് പ്രതിഷേധ ധർണ നടത്തി.
പ്രതിഷേധ ധർണ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ്റ്റാൻലി ഡ്രി ക്രൂസ് ഉദ്ഘാടനം ചെയ്‌തു. പ്രതിഷേധ ധർണയിൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എസ്. പ്രശാന്ത്, വൈസ് പ്രസിഡന്റ് ജോഷി ജോണ്‍, മേഖലാ സെക്രട്ടറി മനു കൃഷ്‌ണൻ, പ്രസിഡന്‍റ് രഞ്ജിത്ത് എന്നിവർ സംസാരിച്ചു. എസ്ഐ സജികുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് ശ്രീകാര്യം പോലീസ് സ്റ്റേഷനിലേക്ക് ജനകീയ മാർച്ച് നടത്തുമെന്ന് നേതാക്കളും വ്യാപാരി വ്യവസായി സമിതി ഭാരവാഹികളും അറിയിച്ചു.