തിരുവനന്തപുരം: വിമാനത്തിനുളളിലെ പ്രതിഷേധത്തില്‍ അന്വേഷണ സംഘം മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും. മുഖ്യമന്ത്രിയെ ഇരയായി എഫ്‌ഐആറില്‍ രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മൊഴിയെടുക്കുന്നത്. ഇതിനായി അന്വേഷണസംഘം അദ്ദേഹത്തിന്‍റെ സമയം തേടി.
വിമാനത്തില്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെ കേസില്‍ സാക്ഷിയാക്കും. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറിന്‍റെ പരാതിയിലാണ് വിമാനത്തിനുള്ളിലെ പ്രതിഷേധത്തില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫസീന്‍ മജീദ്, നവീന്‍കുമാര്‍, സുനിത് നാരായണന്‍ എന്നിവര്‍ക്കെതിരെ വധശ്രമം, ഗൂഢാലോചന ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്‌തു.
നിലവില്‍ വിശ്രമത്തിലുളള മുഖ്യമന്ത്രിയുടെ അസുഖം ഭേദമായ ശേഷമാകും മൊഴിയെടുക്കാന്‍ അന്വേഷണ സംഘത്തിന് സമയം അനുവദിക്കുക. അതേസമയം വിമാനത്തിലെ 48 യാത്രക്കാരില്‍ പത്തോളം പേരുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തുന്നത് എന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. അനുകൂല മൊഴി മാത്രം ലഭിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.
യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചെന്ന പരാതിയില്‍ ഇ.പി ജയരാജനെതിരെ പത്തോളം പരാതികള്‍ ഡിജിപിയ്‌ക്ക് നല്‍കിയിട്ടും കേസെടുത്തിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. കേസില്‍ ഇ.പിക്കെതിരായി ലഭിച്ച പരാതികള്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയ്‌ക്ക് ഡിജിപി നല്‍കിയിട്ടും ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷം പറഞ്ഞു.