തിരുവനന്തപുരം: കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം. കൗണ്‍സില്‍ യോഗം മേയര്‍ നിയന്ത്രിക്കേണ്ടെന്ന് ആവശ്യപ്പെട്ടായിരുന്ന പ്രതിപക്ഷം ബഹളം വച്ചത്. അഴിമതി മേയര്‍ വേണ്ടെന്ന ബാനറുമായാണ് ബിജെപി അംഗങ്ങള്‍ യോഗത്തിനെത്തിയത്.
കൗണ്‍സില്‍ യോഗം ആരംഭിച്ചപ്പോള്‍ തന്നെ ഈ ബാനറുമായി ബിജെപി കൗണ്‍സിലര്‍മാര്‍ മേയറുടെ ഇരിപ്പിടത്തിന് മുന്നിലെത്തി പ്രതിഷേധിച്ചു. മേയര്‍ ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായായിരുന്നു പ്രതിഷേധം. യുഡിഎഫ് അംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി.
എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ മേയര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. ഞങ്ങള്‍ മേയര്‍ക്കൊപ്പം എന്ന ബാനറുമായാണ് ഭരണപക്ഷ അംഗങ്ങള്‍ എത്തിയത്. ഇതിനിടെ പ്രതിഷേധക്കാര്‍ മേയറുടെ ഇരിപ്പിടത്തിലേക്ക് തള്ളികയറാന്‍ ശ്രമിച്ചു. ഇതിനെ തടയാന്‍ ഇടതുപക്ഷവും ശ്രമിച്ചതോടെ കൗണ്‍സില്‍ സംഘര്‍ഷമായി.
ഇരുപക്ഷവും തമ്മില്‍ കയ്യാങ്കളിയിലെത്തി സംഘര്‍ഷം. ഇതിനിടെ വനിത കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ തറയില്‍ വീണു. മേയറെ അധ്യക്ഷ സ്ഥാനത്തിരുത്തി കത്ത് വിവാദം ചര്‍ച്ച ചെയ്യാനാവില്ലെന്ന നിലപാടാണ് ബി.ജെ.പിയും യു.ഡി.എഫും ഉന്നയിക്കുന്നത്. ഇത് അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് ഭരണപക്ഷം.
ബിജെപി കൗണ്‍സിലര്‍മാരുടെ ആവശ്യ പ്രകാരമാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ വിളിച്ചത്. ഒന്നര മണിക്കൂറോളം ബഹളത്തിനിടയിലും കൗണ്‍സില്‍ യോഗം തുടര്‍ന്നു. ബഹളം രൂക്ഷമായതോടെയാണ് മേയര്‍ യോഗം പിരിച്ചു വിട്ടത്. എന്നാല്‍ ഇതിനു ശേഷവും കൗണ്‍സിലര്‍മാര്‍ പിരിഞ്ഞു പോകാന്‍ തയാറായില്ല.
മേയര്‍ മടങ്ങി പ്രകടനം നടത്തിയ ശേഷമാണ് കൗണ്‍സിലര്‍മാര്‍ പിരിഞ്ഞത്.