തിരുവനന്തപുരം: ഗവർണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടിയ കേസിലെ ഏഴ് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. കേസ് ഗൗരവമുള്ളതെന്ന് ആദ്യ ദിവസം തന്നെ കോടതി നിരീക്ഷിച്ചിരുന്നു. സംസ്ഥാനത്തെ പ്രഥമ പൗരനെതിരെയാണ് ആക്രമണം നടന്നതെന്നും കോടതി പറഞ്ഞിരുന്നു.
പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ മൃദുസമീപനം സ്വീകരിച്ചപ്പോഴും, കോടതി എതിർത്തിരുന്നു. നഷ്‌ടം വന്നാൽ അത് കെട്ടിവയ്ക്കാം എന്ന പ്രതിഭാഗം വാദം നടത്തിയപ്പോൾ 'പണം കെട്ടിവെച്ചാൽ എന്തും ചെയ്യാമെന്നാണോ' എന്നായിരുന്നു മജിസ്ട്രേട്ട് പ്രതികരിച്ചിരുന്നത്. അതിനിടെ പരീക്ഷ എഴുതാൻ ഇടക്കാല ജാമ്യം ലഭിച്ച ആറാം പ്രതി കോടതിയിൽ എത്തി.
ആറാം പ്രതിയുടെ ഇടക്കാല ജാമ്യം കോടതി പിൻവലിച്ചു. പ്രതിയെ 23-ാം തീയതി വരെ റിമാൻഡ് ചെയ്‌തു. എസ്എഫ്ഐ പ്രവർത്തകരായ യദുകൃഷ്‌ണൻ, ആഷിഖ് പ്രദീപ്, ആഷിഷ്, ദിലീപ്, റയാൻ, അമൻ, റിനോ സ്റ്റീഫൻ എന്നിവരുടെ ജാമ്യാപക്ഷയാണ് തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നിരസിച്ചത്.