തിരുവനന്തപുരം: 'കാപ്പ' സിനിമയ്‌ക്ക് ലഭിച്ച ലാഭത്തിന്‍റെ ഒരു വിഹിതം അശരണരായ സിനിമ പ്രവർത്തകരുടെ പെൻഷന്‍ ഫണ്ടിലേക്ക് നല്‍കുമെന്ന് ഫെഫ്‌ക റൈറ്റേഴ്‌സ് യൂണിയന്‍ അംഗവും തിരക്കഥാകൃത്തുമായ എസ്‌എൻ സ്വാമി. ഇന്ന് വൈകിട്ട് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന 'കാപ്പ'യുടെ വിജയാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സിനിമാതാരങ്ങളായ ജഗദീഷ്, അപർണ ബലമുരളി, നന്ദു, തിരക്കഥാകൃത്ത് ജിആർ ഇന്ദുഗോപൻ തുടങ്ങിയവർ പങ്കെടുത്തു.
'മാസം 15,000 രൂപ നല്‍കാനാവും': ഫെഫ്‌ക റൈറ്റേഴ്‌സ് യൂണിയനാണ് ചിത്രത്തിന്‍റെ നിര്‍മാണം. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് സിനിമ തൊഴിലാളി സംഘടന ക്ഷേമ പ്രവർത്തനങ്ങൾക്കായി സിനിമ നിർമാണം നടത്തുന്നത്. ചിത്രത്തിന്‍റെ ലാഭവിഹിതം കൂടി ലഭിച്ചതോടെ ഒരാൾക്ക് 15,000 രൂപ മാസം പെൻഷൻ നൽകാനാവുമെന്നാണ് കണക്കാക്കുന്നതെന്നും എസ്‌എൻ സ്വാമി പറഞ്ഞു. കാപ്പയുടെ രണ്ടാം ഭാഗം ആലോചനയിലുണ്ടെന്ന് സിനിമയുടെ നിർമാതാക്കളിൽ ഒരാളായ ദിലീഷ് നായര്‍ പറഞ്ഞു. എന്നാൽ, ഇപ്പോൾ അതിനായി നീക്കങ്ങളൊന്നും തുടങ്ങിയിട്ടില്ല. അതിനുകൂടിയുള്ളു സാധ്യതകളാണ് 'കാപ്പ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'ചെയ്‌തത് വെല്ലുവിളിയാര്‍ന്ന റോള്‍': ചിത്രത്തില്‍ ആദ്യം മഞ്ജു വാര്യരെയായിരുന്നു നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍, മഞ്‌ജു വാര്യര്‍ക്ക് അസൗകര്യമുണ്ടായതോടെ അപര്‍ണ ബാലമുരളിയാണ് അഭിനയിച്ചത്. ഈ കഥാപാത്രം കൈകാര്യം ചെയ്യുന്നത് ഒരു വെല്ലുവിളിയായിരുന്നുവെന്ന് അപർണ പറഞ്ഞു. തിരുവനന്തപുരത്ത് ഒരു ദിനപത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ലഭിച്ച അനുഭവങ്ങളാണ് സിനിമയുടെ തിരക്കഥയിലേക്കും 'ശംഖുമുഖി' എന്ന നോവലിലേക്കും തന്നെ നയിച്ചതെന്ന് 'കാപ്പ'യുടെ തിരക്കഥകൃത്തായ ജിആർ ഇന്ദുഗോപൻ പറഞ്ഞു.