തിരുവനന്തപുരം: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഇതു സംബന്ധിച്ച് പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ പ്രതികരണത്തിനനുസരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കും. മൂന്നില്‍ കുറയാത്ത ഗഡുക്കളിലൂടെ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണം. മന്ത്രിമാര്‍ ഒരു ലക്ഷം രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
അതേസമയം സാലറി ചലഞ്ചിന് പ്രത്യേക അക്കൗണ്ട് വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രളയ ദുരിതാശ്വാസ തട്ടിപ്പ് പോലെയാകാന്‍ പാടില്ല. ഇക്കാര്യത്തില്‍ ജീവനക്കാരെ നിര്‍ബന്ധിക്കരുത്. കഴിവുള്ളവര്‍ ഇതുമായി സഹകരിക്കണം. ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തിയതിന് ശേഷമേ അന്തിമ തീരുമാനം എടുക്കാവൂ എന്നും ചെന്നിത്തല ആവശ്യപ്പെട്ടു.