തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ ആരൊക്കെ മന്ത്രിമാരാകും എന്നതുസംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന് പുറമേ സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ ശൈലജയും എം.വി ഗോവിന്ദന്‍ മാസ്റ്ററും മന്ത്രിസഭയിലുണ്ടാകും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ. രാധാകൃഷ്ണന്‍, പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍, എം.എം.മണി എന്നിവരും മന്ത്രിമാരായേക്കും. കടകംപള്ളി സുരേന്ദ്രന് വീണ്ടും ഇടംലഭിച്ചേക്കും.
അതേസമയം ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ടി.പി.രാമകൃഷ്ണന്‍ മന്ത്രി സ്ഥാനത്തുനിന്ന് മാറി നിന്നേക്കുമെന്ന് സൂചനയുണ്ട്. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പരാജയപ്പെട്ട സാഹചര്യത്തില്‍ മത്സ്യബന്ധന മേഖലയുടെ പ്രതിനിധി എന്ന നിലയില്‍ പി.പി.ചിത്തരഞ്ജൻ മന്ത്രിസഭയിലെത്തിയേക്കും. ആലപ്പുഴയില്‍ നിന്ന് സജി ചെറിയാന്‍, പത്തനംതിട്ടയില്‍ നിന്ന് വീണ ജോര്‍ജ് എന്നിവര്‍ക്ക് സാധ്യതയുണ്ട്. നിലവിലെ മന്ത്രി എ.സി.മൊയ്തീന്‍ സ്‌പീക്കറായേക്കും. സിപിഎം സ്വതന്ത്രന്‍ പി.ടി.എ റഹിമിനും മന്ത്രി സ്ഥാനം കിട്ടാം.
സിപിഐയില്‍ നിന്ന് കെ.രാജന്‍, പി.പ്രസാദ്, ഇ.കെ.വിജയന്‍ എന്നിവര്‍ മന്ത്രിമാരാകും. സി.കെ.ആശ, ചിഞ്ചുറാണി എന്നിവരിലൊരാള്‍ മന്ത്രിയോ ഡെപ്യൂട്ടി സ്പീക്കറോ ആയേക്കും. ഘടക കക്ഷി നേതാക്കളായ റോഷി അഗസ്റ്റിന്‍, കെ.ബി.ഗണേഷ് കുമാര്‍, ആന്‍റണി രാജു, കെ.പി.മോഹനന്‍ എന്നിവരും മന്ത്രിമാരാകും.
ആദ്യമായി തെരഞ്ഞെടുപ്പ് വിജയം നേടുന്ന ഐ.എന്‍.എല്‍ പ്രതിനിധിയായ അഹമ്മദ് ദേവര്‍ കോവിലിനും മന്ത്രി സ്ഥാനം ലഭിച്ചേക്കും. ഘടകകക്ഷികള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കേണ്ടി വരുമ്പോള്‍ സിപിഎമ്മിലെ ചിലരുടെ മന്ത്രിസ്ഥാന സാധ്യത മങ്ങും. വിട്ടുവീഴ്ച ചെയ്യാന്‍ സിപിഐയോട് സിപിഎം ആവശ്യപ്പെടാനും ഇടയുണ്ട്. എന്നാല്‍ നാല് മന്ത്രി, ഒരു ഡെപ്യൂട്ടി സ്പീക്കര്‍ എന്ന സ്ഥിരമായ കണക്കില്‍ കുറവു വരുത്താന്‍ സിപിഐ തയ്യാറാകുമോ എന്നത് നിര്‍ണായകമാണ്.