തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിൻ്റെ ഭാര്യ പ്രിയ വർഗീസിൻ്റെ കണ്ണൂർ സർവകലാശാലയിലെ നിയമനം മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവിട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ. കണ്ണൂർ സർവകലാശാല സ്റ്റുഡൻസ് സർവിസ് ഡയറക്‌ടറായി 2019 മുതൽ രണ്ടുവർഷത്തേക്ക് പ്രിയയെ ഡെപ്യൂട്ടേഷനിൽ നിയമിച്ചത് ചട്ടവിരുദ്ധമായാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിഷയത്തിൽ വിസിയുടെ നടപടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനവും നൽകി.
സ്റ്റുഡന്‍റ്‌സ് ഡയറക്‌ടർ തസ്‌തികയിലേത് അനധ്യാപക ജീവനക്കാരുടെ സേവന വ്യവസ്ഥകൾ പ്രകാരമുള്ള നിയമനമാണ്. ഈ നിയമനത്തിന് ആറ് വർഷത്തെ അധ്യാപന പരിചയവും ഭരണപരിചയവും യൂണിവേഴ്‌സിറ്റി ഓർഡിനൻസ് പ്രകാരം വേണ്ടതുണ്ട്. സർക്കാരിൻ്റെ എല്ലാ ശമ്പള പരിഷ്‌കരണ ഉത്തരവുകളിലും സ്റ്റുഡൻ്റ്‌സ് ഡയറക്‌ടർ തസ്‌തിക അനധ്യാപക വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗവേഷക വിദ്യാർഥിയായിരുന്ന കാലയളവൊഴിച്ചാൽ മൂന്ന് വർഷത്തെ അധ്യാപന പരിചയം മാത്രമാണ് പ്രിയ വർഗീസിന് ഉള്ളത്. ഭരണരംഗത്ത് പരിചയമില്ല. ഈ തസ്‌തികയ്‌ക്ക് ബിരുദാനന്തര ബിരുദം യോഗ്യതയായി നിശ്ചയിച്ചിട്ടുണ്ട്. അതിനാൽ കേരളവർമ കോളജിലെ മൂന്ന് വർഷത്തെ സേവനം മാത്രമേ അധ്യാപന പരിചയമായി കണക്കിലെടുക്കാനാവൂ എന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സ്റ്റുഡന്‍റ്‌സ് ഡയറക്‌ടർ കാലയളവിലെ സേവനവും അധ്യാപന പരിചയമായി കണക്കിലെടുത്താണ് കണ്ണൂർ സർവകലാശാലയിലെ ഇപ്പോഴത്തെ അസോസിയേറ്റ് പ്രൊഫസർ പട്ടികയിലെ നിയമനം. ഇതിനെതിരായ ഹർജി ഹൈക്കോടതി നാളെ(31.08.2022) പരിഗണിക്കാനിരിക്കെയാണ് ഗവർണർക്ക് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ പുതിയ പരാതി നൽകിയത്.
നിലവിൽ കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്കുള്ള പ്രിയ വർഗീസിന്‍റെ നിയമനത്തിന് കേരള ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തിയിരിക്കുകയാണ്. രണ്ടാം റാങ്കുകാരൻ ജോസഫ് സ്‌കറിയ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. ഹർജിയിൽ യു.ജി.സിയെ കക്ഷി ചേർക്കാനും നിർദേശമുണ്ട്.