തിരുവനന്തപുരം: സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള നിരക്ക് 500 രൂപയായി കുറച്ചത് അംഗീകരിക്കാനാകില്ലെന്ന് സ്വകാര്യ ലാബുകള്‍. 1700 രൂപയായിരുന്ന നിരക്ക് കഴിഞ്ഞ ദിവസമാണ് 500 രൂപയായി കുറച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. ഇത്രയും കുറഞ്ഞ നിരക്കില്‍ പരിശോധന നടത്താന്‍ കഴിയില്ലെന്നാണ് ലാബുടമകളുടെ നിലപാട്. 1500 രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമേ പരിശോധന നടത്താന്‍ കഴിയൂ. ഇല്ലെങ്കില്‍ ഭീമമായ നഷ്ടമുണ്ടാകുമെന്നാണ് ഇവരുടെ നിലപാട്.
സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കുമെന്ന് പറഞ്ഞതോടെ പരിശോധന പല ലാബുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. നിരക്ക് കുറച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും ലാബുടമകള്‍ ആലോചന തുടങ്ങിയിട്ടുണ്ട്. പരിശോധന കിറ്റ് അടക്കമുള്ള ചിലവുകള്‍ ചൂണ്ടികാട്ടിയാണ് നിരക്ക് ഇത്രയും കുറയ്ക്കാന്‍ കഴിയില്ലെന്ന് ലാബുകള്‍ പറയുന്നത്.