തിരുവനന്തപുരം: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ സമരം ആരംഭിച്ചു. അനിശ്ചിതകാല സമരമാണ് ബസുടമകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ചിരിക്കുന്നത്. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് 12 രൂപയാക്കണം, കിലോമീറ്റര്‍ നിരക്ക് ഒരു രൂപ പത്ത് പൈസയായി ഉയര്‍ത്തണം, വിദ്യാര്‍ഥികളുടെ നിരക്ക് ആറ് രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പണിമുടക്ക് സാധാരണ ജനജീവിതത്തെ സാരമായി ബാധിക്കും.
നിരക്ക് വര്‍ധന സംബന്ധിച്ച് സര്‍ക്കാര്‍ ബസുടമകളുമായി ചര്‍ച്ച ചെയ്‌തിരുന്നു. ബസുടമകളുടെ ആവശ്യം ന്യായമാണെന്നാണ് ചര്‍ച്ചകള്‍ക്ക് ശേഷം ഗതാഗതമന്ത്രി ആന്‍റണി രാജു പ്രതികരിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ അന്തിമ തീരുമാനം വൈകിയതോടെയാണ് സമരവുമായി ബസുടമകള്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.
കൊവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്നും നിരക്ക് വര്‍ധിപ്പിക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ ശുപാര്‍ശയും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. എന്നാല്‍ വിലക്കയറ്റം രൂക്ഷമാകുന്നതിനിടയില്‍ ബസ് ചാര്‍ജ് വര്‍ധന സാധാരണക്കാര്‍ക്ക് ഇരട്ടപ്രഹരമാകുമെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ തീരുമാനം വൈകുന്നത്.
സമരത്തിലേക്ക് പോകാതെ സര്‍ക്കാരുമായി ചര്‍ച്ച എന്നതായിരുന്നു ബസുടമകളുടെ ആദ്യ നിലപാട്. എന്നാല്‍ ചര്‍ച്ചകള്‍ നടന്നിട്ടും ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്നല്ലാതെ എത്ര കൂട്ടും എപ്പോള്‍ നടപ്പിലാക്കുമെന്ന ഉറപ്പ് കിട്ടാത്തതിനാലാണ് ശക്തമായ തീരുമാനവുമായി ബസുടമകള്‍ രംഗത്തെത്തിയത്.
ALSO READ: ക്ഷയരോഗം: അശ്രദ്ധ മരണത്തിലേക്ക്… ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക