തിരുവനന്തപുരം: അട്ടക്കുളങ്ങര വനിത ജയിലിൽ നിന്നും രണ്ട് തടവുകാർ ജയിൽ ചാടിയ സംഭവത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജയിൽ ചാടാൻ അകത്തു നിന്നോ പുറത്തു നിന്നോ സഹായം ലഭിച്ചോ എന്നു പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ രമേശ് ചെന്നിത്തലയുടെ സബ്മിഷനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.
ചാടിയ തടവുകാരെ കണ്ടെത്തുന്നതിനായി സംസ്ഥാനത്തിന് അകത്തും പുറത്തും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പ്രാഥമിക റിപ്പോർട്ട് നൽകാൻ ജയിൽ ഡെപ്യൂട്ടി സുപ്രണ്ടിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി വേണമെന്നും, ടി പി കേസ് പ്രതി കൊടി സുനി കൊടുവള്ളിയിലെ കൗൺസിലറെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
വനിത തടവുകാരുടെ ജയിൽ ചാട്ടം പിണറായി സർക്കാരിന്റെ തലയിലെ പൊൻ തൂവലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. ഇത്തരം സംഭവം ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.