തിരുവനന്തപുരം: കഴിഞ്ഞ ഒരു വര്‍ഷം സര്‍ക്കാരിന് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാര്‍ ഉത്തരവാദിത്വം നിറവേറ്റി. വര്‍ധിച്ച ആത്മവിശ്വാസത്തോടെയാണ് രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പിലെ ഫലം അത് തെളിയിക്കുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
സർക്കാരിൻ്റെ നേട്ടങ്ങൾ എണ്ണി പറഞ്ഞാണ് ഇത്തവണ മുഖ്യമന്ത്രി വാർത്താസമ്മേളനം തുടങ്ങിയത്. സർക്കാരിന് ജനപിന്തുണ വർധിച്ചിട്ടുണ്ട്. ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ പ്രതിബന്ധത പുലർത്തിയിട്ടുണ്ട്. പ്രകടനപത്രികയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പാക്കും. പ്രഖ്യാപിച്ച ഒരു പദ്ധതിയിൽ നിന്നും പിറകോട്ട് പോകില്ല. സിൽവർ ലൈൻ ഉൾപ്പെടെയുള്ള പദ്ധതികൾക്കെതിരായ കുപ്രചരണങ്ങൾ തുറന്നു കാട്ടി ജനങ്ങളുടെ പിന്തുണയോടെയും പങ്കാളിത്തത്തോടെയും അവ നടപ്പിലാക്കും - മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ നവകേരള സൃഷ്‌ടിക്കായി 900 വാഗ്‌ദാനങ്ങളുള്ള പ്രകടന പത്രികയാണ് മുന്നോട്ട് വച്ചത്. അത് യാഥാർഥ്യമാക്കാനാണ് ശ്രമമെന്നും പ്രത്യേക ശ്രദ്ധ വേണ്ട മേഖലയിലേക്ക് 100 ദിന കർമ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് പദ്ധതി, പട്ടയ വിതരണം, കെ ഫോണിൽ കാര്യമായ പുരോഗതി എന്നിവ കൂടാതെ 181 പുതിയ കമ്പനികൾ ഐടി മേഖലയിൽ പ്രവർത്തനം ആരംഭിച്ച് നിരവധി തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചതായും 22345 പിഎസ്‌സി നിയമന ശിപാർശ നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ആഭ്യന്തര സഞ്ചാരികളിൽ 51% വർധനവുണ്ടായി. കാർഷിക മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കഴിഞ്ഞു. സർക്കാർ വിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലും പ്രവർത്തനം ഊർജിതമാക്കി. ഗവേഷണത്തിന് അധിക സീറ്റുകളും ഫെലോഷിപ്പും കൊണ്ടു വന്നിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.
ആരോഗ്യമേഖലയിൽ 168 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മാത്രമാണ് കുടുംബാരോഗ്യ കേന്ദ്രമായി മാറ്റാനുള്ളത്. ഇതിൽ 33 എണ്ണത്തിൻ്റെ നിർമാണ പ്രവർത്തനം പൂർത്തിയായിട്ടുണ്ട്. 19 സ്റ്റേഡിയങ്ങൾ പുനർനിർമിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിൽ 1600 കിലോമീറ്റർ റോഡ് ബിഎൻബിസി നിലവാരത്തിൽ ഉയർത്തി. ദേശീയ പാതക്കായി സ്ഥലമേറ്റെടുക്കാനുള്ള ഭൂരിഭാഗം പണവും നൽകി കഴിഞ്ഞു. കൊച്ചി വാർട്ടർ പദ്ധതിയുടെ 6 ടെർമിനൽ നിർമാണം പൂർത്തിയായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.