തിരുവനന്തപുരം: വിജയദശമി ദിനത്തിൽ നടക്കാനിരിക്കുന്ന വിദ്യാരംഭ ചടങ്ങുകൾക്ക് സംസ്ഥാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നാളെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങുകൾ നടക്കും. ക്ഷേത്രങ്ങൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളെല്ലാം വിദ്യാരംഭ ചടങ്ങുകൾക്ക് വേദിയാവും. കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ചടങ്ങുകൾ നടക്കുക. ആചാര്യൻമാരുടെ മടിയിലിരുത്തി വിദ്യാരംഭം കുറിക്കൽ ഇത്തവണ ഉണ്ടാകില്ല. ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വിദ്യാരംഭത്തിന് കുട്ടികളുടെ നാവിൽ എഴുതുന്ന സ്വർണം അണുവിമുക്തമാക്കി ഉപയോഗിക്കണം. ഒരിക്കൽ നാവിലെഴുതിയ സ്വർണം വീണ്ടും ഉപയോഗിക്കാൻ പാടില്ല. രോഗ ലക്ഷണങ്ങൾ ഉള്ളവർ ചടങ്ങിൽ പങ്കെടുക്കരുത്. സാമൂഹ്യ അകലം കൃത്യമായി പാലിക്കണമെന്നും നിർദേശമുണ്ട്.
പത്മനാഭപുരത്ത് നിന്ന് എഴുന്നള്ളിച്ച സരസ്വതീ ദേവിയെ പ്രതിഷ്‌ഠിച്ചിട്ടുള്ള പൂജപ്പുര നവരാത്രി മണ്ഡപത്തിൽ വിദ്യാരംഭത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ഐരാണിമുട്ടം തുഞ്ചൻ സ്‌മാരകം, ആറ്റുകാൽ, കരിക്കകം ദേവി ക്ഷേത്രങ്ങൾ തുടങ്ങി നിരവധി സ്ഥലങ്ങളിൽ വിദ്യാരംഭം കുറിക്കാൻ കുരുന്നുകൾ എത്തിച്ചേരും.