തിരുവനന്തപുരം: കൊവിഡ് 19 റാപ്പിഡ് പരിശോധനാ ഫലങ്ങൾ ഇന്ന് പുറത്തുവരും. പോത്തൻകോട് നടത്തിയ റാപ്പിഡ് ടെസ്റ്റുകളുടെ ഫലങ്ങളാണ് പുറത്തുവരുന്നത്. ആദ്യഘട്ടത്തിൽ ലഭിച്ച പരിശോധനാ ഫലങ്ങൾ നെഗറ്റീവായിരുന്നു. ഇതിന്‍റെ ആശ്വാസത്തിലാണ് ജില്ലാ ഭരണകൂടം. ഇന്നത്തെ ഫലങ്ങൾ കൂടി നെഗറ്റീവാണെങ്കിൽ പോത്തൻകോട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവുവരുത്തുന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടം തീരുമാനമെടുക്കും.
പരിശോധനക്കായി കൂടുതൽ റാപ്പിഡ് കിറ്റുകളും ഇന്ന് സംസ്ഥാനത്തെത്തും. കൊവിഡ് ഹോട്ട് സ്‌പോട്ടിലുൾപ്പെട്ട തിരുവനന്തപുരത്ത് രോഗലക്ഷണമുള്ളവർക്കെല്ലാം പരിശോധന നടത്താൻ ഐസിഎംആർ അനുമതി നൽകിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോ ടെക്നോളജിയിലും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലും ഉടൻ പരിശോധന ആരംഭിക്കും. ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ പൊലീസ് നടപടികളും ശക്തമാക്കിയിട്ടുണ്ട്. വാഹന പരിശോധനക്കായി പൊലീസ് കൂടുതൽ ചെക്ക് പോയിന്‍റുകൾ സ്ഥാപിച്ചു.