തിരുവനന്തപുരം: പോത്തന്‍കോട് അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തില്‍ നാല് ഗുണ്ടകള്‍ അറസ്റ്റില്‍. ഫൈസല്‍, റിയാസ്, ആഷിഖ്, നൗഫല്‍ എന്നിവരാണ് പിടിയിലായത്. കരുനാഗപ്പള്ളിയിലെ ലോഡ്‌ജില്‍ കഴിയുകയായിരുന്ന പ്രതികളെ കരുനാഗപ്പള്ളി പൊലീസാണ് പിടികൂടി പോത്തന്‍കോട് പൊലീസിന് കൈമാറിയത്.
ബുധനാഴ്‌ച രാത്രി തിരുവനന്തപുരത്ത് നിന്നും പോത്തന്‍കോടേയ്ക്ക് യാത്ര ചെയ്യുകയായിരുന്ന അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിക്കുകയായിരുന്നു. സംഭവം നടന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതികളെ പിടികൂടിയത്.
വെഞ്ഞാറമൂട് സ്വദേശിയായ ഷായ്ക്കും, 17കാരിയായ മകള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. പ്രതികള്‍ ഷായുടെ മുഖത്തടിക്കുകയും പെണ്‍കുട്ടിയെ കടന്ന് പിടിക്കാനും ശ്രമിച്ചു.
നിരവധി കേസുകളിലെ പ്രതിയും മാസങ്ങള്‍ക്ക് മുന്‍പ് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറ് പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതിയുമായ ഫൈസലിന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മര്‍ദിച്ചത് എന്നാണ് പൊലീസ് നൽകുന്ന വിവരം.