തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ 63 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച 100 പേരുടെ സാമ്പിൾ പരിശോധനയിലാണ് 63 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജയിലിലെ രോഗ ബാധിതരുടെ എണ്ണം 165 ആയി. 300 പേരിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. വ്യാഴാഴ്ച്ച 100 പേരിൽ പരിശോധന നടത്തിയപ്പോൾ 41 പേർക്കും അതിനു മുമ്പുള്ള ദിവസം 100 പേരിൽ നടത്തിയ പരിശേധനയിൽ 59 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
വിചാരണ തടവുകാരന് രോഗം സ്ഥിരീകരിച്ചതോടെയാണ് ജയിലിലെ മുഴുവൻ തടവുകാർക്കും പരിശോധന നടത്താൻ തീരുമാനിച്ചത്. 975 തടവുകാരാണ് പൂജപ്പുരയിൽ ഉള്ളത്. ദിവസം 100 പേരെ വീതമാണ് പരിശോധന നടത്തുന്നത്. ആന്‍റിജൻ പരിശോധയാണ് സെൻട്രൽ ജയിലിൽ നടക്കുന്നത്. രോഗം സ്ഥിരീകരിച്ച തടവുകാരെ ജയിലിനുള്ളിലെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി. ഈ ബ്ലോക്കിനെ കൊവിസ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്‍റ് സെന്‍ററാക്കി മാറ്റിയിട്ടുണ്ട്.