തിരുവനന്തപുരം: കൊവിഡ് കേരളത്തെ വരിഞ്ഞ് മുറുക്കുമ്പോഴും ആവേശം ഒട്ടും ചോരാതെ കേരളം പോളിങ്ബൂത്തിലെത്തി തുടങ്ങി. സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ ആരംഭിച്ച വിവാദങ്ങള്‍ക്കും തമ്മില്‍തല്ലലുകള്‍ക്കും കേരള ജനത മറുപടി നല്‍കുന്നു. തുടര്‍ഭരണമെന്ന മോഹവുമായി എല്‍ഡിഎഫും അധികാരം തിരിച്ചുപിടിക്കുമെന്ന ദൃഡനിശ്ചയവുമായി യുഡിഎഫും ഒന്നില്‍ നിന്ന് കൂടുതല്‍ മണ്ഡലങ്ങള്‍ പിടിച്ചെടുക്കാമെന്ന് എന്‍ഡിഎയും വിശ്വസിക്കുന്നു.
ഇന്ന് വൈകിട്ട് ഏഴിനുശേഷം, വിരല്‍ത്തുമ്പിലെ വിധി ആര്‍ക്കനുകൂലമെന്നറിയാന്‍ മേയ് രണ്ടുവരെ കാത്തിരിക്കണം. വിവാദങ്ങളും ആരോപണപ്രത്യാരോപണങ്ങളും ആവേശം നിറച്ച പ്രചാരണത്തിനൊടുവിലാണ് കൊവിഡ് മഹാമാരിക്കാലത്ത്, 15-ാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നു. നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പും ആരംഭിച്ചിട്ടുണ്ട്.
27446309 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 140 മണ്ഡലങ്ങളിലായി 975 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. കൊവിഡ് മാർഗനിർദേശങ്ങൾ നിലനിൽക്കുന്നതിനാൽ ബൂത്തുകളുടെ എണ്ണത്തിൽ ഇത്തവണ വർധനയുണ്ട്. സംസ്ഥാനത്താകെ 40,771 ബൂത്തുകളാണുള്ളത്. 2016ലെ തെരഞ്ഞെടുപ്പിൽ സജ്ജമാക്കിയിരുന്നതിനേക്കാൾ 15000 പോളിങ് ബൂത്തുകളാണ് അധികമായി ഒരുക്കിയിരിക്കുന്നത്.
കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടര്‍മാരെ മാത്രമാണ് അനുവദിക്കുന്നത്. കൊവിഡ് ബാധിതർക്കും ക്വാറന്‍റൈനില്‍ കഴിയുന്നവർക്കും വൈകീട്ട് 6 മുതൽ 7വരെ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. മാവോയിസ്‌റ്റ് ഭീഷണിയുള്ള പാലക്കാട്, മലപ്പുറം ജില്ലകളിലെ 9 മണ്ഡലങ്ങളിൽ വൈകീട്ട് ആറുവരെ മാത്രമാണ് വോട്ട് ചെയ്യാന്‍ അനുവദിക്കുക. സാനിറ്റൈസർ, മാസ്‌ക്, പിപിഇ കിറ്റ് എന്നിവ ഓരോ ബൂത്തിനും നൽകിയിട്ടുണ്ട്. പ്രശ്‌ന ബാധിത ബൂത്തുകളില്‍ കര്‍ശന സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. കേരള പൊലീസിന്‍റെ 59292 ഉദ്യോഗസ്ഥര്‍ക്കൊപ്പം കേന്ദ്രസേനയും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷയൊരുക്കാന്‍ സജ്ജമായിക്കഴിഞ്ഞു.
ഇരട്ടവോട്ട് തിരച്ചറിയാനായി കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് അല്ലെങ്കില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ച മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് വോട്ടറെ കൃത്യമായി തിരിച്ചറിയും. തിരിച്ചറിയാന്‍ ഉപയോഗിച്ച കാര്‍ഡ് ഏത് എന്ന് രജിസ്‌റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്യും. എ.എസ്.ഡി. മോണിട്ടര്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രിസൈഡിങ് ഓഫീസര്‍മാര്‍ മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്‌തിട്ടുണ്ട്.
ഒന്നിലധികം ബൂത്തുകളിലെ വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ വോട്ടു ചെയ്യാനെത്തുമ്പോള്‍ ആ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വോട്ടറുടെ ഫോട്ടോയെടുത്ത് മറ്റു വിവരങ്ങള്‍ ചേര്‍ത്ത് അപ്‌ലോഡ് ചെയ്യും. നെറ്റ് വര്‍ക്ക് ലഭ്യമല്ലെങ്കിലും ഈ നടപടികള്‍ തുടരണമെന്ന് ഉദ്യോഗസ്‌ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വോട്ടര്‍മാരുടെ വിരലില്‍ രേഖപ്പെടുത്തുന്ന മഷിയടയാളം വോട്ട് ചെയ്യുന്നതിനു മുമ്പ് ഉണങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.