തിരുവനന്തപുരം: പാറശാല നടുത്തോട്ടം വാർഡിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ പോളിങ് ബൂത്ത് ഒരുക്കിയത് നിർവഹണ ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും ഒരേപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. രണ്ടായിരത്തിലധികം ജനങ്ങൾ വിധിയെഴുതാൻ എത്തേണ്ട ഒരു ബൂത്താണിത്. പാറശ്ശാല ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാമത്തെ വാർഡായ നടുത്തോട്ടത്തിലെ തെരഞ്ഞെടുപ്പ് നടക്കേണ്ട ബൂത്ത് ഇഞ്ചിവിളയിലെ ജില്ലാ പനവിഭവ വികസന സഹകരണ ഫെഡറേഷന്‍റെ ചോർന്നൊലിക്കുന്ന കെട്ടിടത്തിലാണ് സജ്ജമാക്കിയിരിക്കുന്നത്. വോട്ടെടുപ്പ് സമയത്ത് ബൂത്തിനുള്ളിൽ ഒരേ സമയം മൂന്ന് പേർക്ക് പ്രവേശിക്കാം എന്നിരിക്കെ കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഒരേസമയം മൂന്ന് ഉദ്യോഗസ്ഥർക്ക് പോലും ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇവിടെയെന്നാണ് ആരോപണം.
ആവശ്യത്തിന് വെളിച്ചവും വാതിലുകളും, വേണമെന്നിരിക്കെ ഒരു വാതിൽ മാത്രമാണ് ബൂത്തിൽ ഉള്ളത്. ഇതോടെ സ്ത്രീകൾക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം പ്രവേശനം വേണം എന്നുള്ളത് ഈ ബൂത്തിൽ പേപ്പറുകളിൽ മാത്രം ഒതുങ്ങുമെന്ന് പോളിങ് ഉദ്യോഗസ്ഥര്‍ പറയുന്നു. 2015 നടന്ന തെരഞ്ഞെടുപ്പിലും ഉദ്യോഗസ്ഥന്മാർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതായിരുന്നു ഈ ബൂത്ത്. കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പിലേക്ക് തഹസിൽദാർ ഉൾപ്പെടെയുള്ള നിർവഹണ ഉദ്യോഗസ്ഥന്മാർ നിരവധി തവണ നേരിൽ കണ്ട് ഉറപ്പ് വരുത്തിയതാണ് പാറശ്ശാലയിലെ ബൂത്ത്.