തിരുവനന്തപുരം: ചന്ദനക്കുറിയിട്ടവരെ മൃദുഹിന്ദുത്വത്തിന്‍റെ ആളുകളാക്കി മാറ്റുന്നത് നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിലേറ്റാനേ സഹായിക്കൂവെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണിയുടെ പരാമര്‍ശം ഉയര്‍ത്തിയ ചര്‍ച്ചയുടെ ചൂടാറുന്നില്ല. 2024ല്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഭൂരിപക്ഷ മതവിഭാഗത്തോടുള്ള കോണ്‍ഗ്രസിന്‍റെ സമീപനം വ്യക്തമാക്കുന്ന ആന്‍റണിയുടെ പ്രസ്‌താവനയുടെ പൊരുള്‍ വ്യക്തം- ചന്ദനക്കുറിയിട്ടവരും ക്ഷേത്രങ്ങളില്‍ പോകുന്നവരും കോണ്‍ഗ്രസിന് നിഷിധമല്ല. ഇതിലൂടെ ബിജെപിയിലേക്കുള്ള കോണ്‍ഗ്രസ് ചോര്‍ച്ചയ്ക്ക് തടയിടുക എന്നു മാത്രമല്ല ഹൈന്ദവതയ്ക്കു കോണ്‍ഗ്രസില്‍ ഇടമുണ്ട് എന്നു കൂടി വ്യക്തമാക്കുകയാണ് ആന്‍റണി.
അതായത് മതേതരത്വം എന്നത് മത നിരാസമല്ല, എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുക കൂടിയാണെന്ന് വ്യക്തമാക്കിയുള്ള നീക്കമാണ് ആന്‍റണിയുടേതെന്ന് വ്യക്തം. കോണ്‍ഗ്രസ് എല്ലാക്കാലത്തും ന്യൂനപക്ഷ പ്രീണനം നടത്തുന്ന പാര്‍ട്ടിയാണെന്ന ബിജെപി ആരോപണത്തിന്‍റെ മുനയൊടിക്കുക മാത്രമല്ല, സമീപകാലത്ത് ഹൈന്ദവ മതവിശ്വാസികള്‍ക്കിടയില്‍ ബിജെപിക്കുണ്ടാകുന്ന സ്വീകാര്യത തകര്‍ക്കുക എന്ന ലക്ഷ്യം കൂടി ആന്‍റണിയുടെ പ്രസ്‌താവനയ്‌ക്ക് പിന്നിലുണ്ട്.
കോണ്‍ഗ്രസ് എല്ലാ കാലത്തും മൃദുഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നതെന്ന ആരോപണം പ്രധാനമായി ഉയര്‍ത്തുന്നത് കേരളത്തില്‍ സിപിഎമ്മാണ്. മൃദു ഹിന്ദുത്വം എന്ന വാദം സിപിഎം ഉയര്‍ത്തുക വഴി ഹിന്ദുക്കളുടെ കുത്തക ബിജെപിയെ ഏല്‍പ്പിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചു പോരുന്നതെന്ന് വ്യക്തമാക്കി കെ.മുരളീധരന്‍ ആന്‍റണിക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ചു.
മൃദു ഹിന്ദുത്വ ചാപ്പ ബിജെപിയെ വളര്‍ത്താനെന്ന് വാദം: മൃദു ഹിന്ദുത്വം എന്ന പദം സിപിഎം കാലാകാലങ്ങളായി കോണ്‍ഗ്രസിനെതിരെ ഉപയോഗിക്കുന്നത് കോണ്‍ഗ്രസിന്‍റെ ഇടം ബിജെപിക്കു നല്‍കുന്നതിനാണെന്ന വാദമാണ് മുരളീധരന്‍ ഉയര്‍ത്തുന്നത്. മൃദുഹിന്ദുത്വം എന്നാക്ഷേപിച്ച് കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി ബിജെപിക്ക് വളരാന്‍ സിപിഎം അവസരമൊരുക്കുന്നു എന്നാണ് മുരളീധരന്‍ പറഞ്ഞു വയ്ക്കുന്നത്. ആരാണ് കേരളത്തില്‍ ബിജെപിക്ക് വളമൊരുക്കുന്നത് എന്നതിലേക്ക് കോണ്‍ഗ്രസ് കൃത്യമായി വിരല്‍ ചൂണ്ടുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല എന്നിവരെല്ലാം ആന്‍റണിയുടെ പ്രസ്‌താവനയുടെ മര്‍മ്മം തിരിച്ചറിഞ്ഞ് അതിനു പിന്നില്‍ അണിനിരക്കുന്നതു തന്നെ ഈ പ്രസ്‌താവനയെ കോണ്‍ഗ്രസ് പിടിവള്ളിയാക്കുന്നു എന്നതിന്‍റെ സൂചനയാണ്. ഒരേസമയം ബിജെപിയേയും സിപിഎമ്മിനെയും ആക്രമിക്കുകയും അണികളുടെ ചോര്‍ച്ച ഒഴിവാക്കുകയുമാണ് ഈ പ്രസ്‌താവനയിലൂടെ ആന്‍റണി ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യക്തം.
അപകടം മണത്ത് ബിജെപി: എല്ലാക്കാലത്തും ഹൈന്ദവതയുടെ വക്താക്കളായി നിലകൊള്ളുന്നത് തങ്ങളാണെന്ന ബിജെപിയുടെ അവകാശവാദത്തിനു കൂടിയാണ് ഈ പ്രസ്‌താവന ആഘാതമേല്‍പ്പിക്കുന്നത്. ഇതിലെ അപകടം ബിജെപി തിരിച്ചറിയുന്നുണ്ട്. കോണ്‍ഗ്രസിലെ മൃദു ഹിന്ദുത്വ സമീപനമുള്ളവരെ തങ്ങളുടെ പാളയത്തിലേക്കടുപ്പിക്കാന്‍ ബിജെപി ഏറെക്കാലമായി ശ്രമിക്കുകയാണ്.
ഇതില്‍ ചെറിയ തോതിലെങ്കിലും അവര്‍ക്ക് വിജയം കാണാനുമായിട്ടുണ്ട്. ശബരിമല സ്ത്രീപ്രവേശന വിഷയം കേരളത്തിലെ സംഘപരിവാര്‍ സംഘടനകള്‍ ബിജെപിയുടെ അടിത്തറ ഉയര്‍ത്താനുള്ള അവസരമായാണ് കണ്ടത്. അതിലൂടെ 2019ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഗണ്യമായി വോട്ടു വിഹിതം വര്‍ധിപ്പിക്കാനായി. പക്ഷേ ആ മുന്നേറ്റം നിലനിര്‍ത്തുവാനോ വര്‍ധിപ്പിക്കാനോ പിന്നീട് ബിജെപിക്കായില്ല.
എങ്കിലും ഹൈന്ദവതയുടെ വക്താക്കള്‍ തങ്ങളാണെന്ന തോന്നല്‍ സൃഷ്‌ടിക്കാന്‍ അവര്‍ക്കായിരുന്നു. ഇവിടെയാണ് ആന്‍റണിയുടെ പ്രസ്‌താവനയില്‍ പതിയിരിക്കുന്ന അപകടം ബിജെപി തിരിച്ചറിയുന്നത്. ഇതാണ് ആന്‍റണിക്കും കോണ്‍ഗ്രസിനുമെതിരെ പ്രത്യാക്രമണവുമായി ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രനും കേന്ദ്രമന്ത്രി വി.മുരളീധരനും രംഗത്തു വന്നത്.
കോണ്‍ഗ്രസും പരസ്യമായി ഹൈന്ദവതയ്ക്ക് അംഗീകാരം നല്‍കുന്ന സ്ഥിതിയുണ്ടായാല്‍ ന്യൂനപക്ഷ പ്രീണനം എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപിക്ക് കോണ്‍ഗ്രസിനെ നേരിടാനാകാത്ത സ്ഥിതിയുണ്ടാകും. ആന്‍റണിയുടെ പ്രസ്‌താവനയില്‍ പിടിച്ച് കോണ്‍ഗ്രസ് ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും മുസ്ലീംലീഗ് ഈ നീക്കത്തിന് പച്ചക്കൊടി കാട്ടുകയും ചെയ്‌താല്‍ മധ്യകേരളത്തിലും മലബാറിലും കോണ്‍ഗ്രസിനു നഷ്‌ടപ്പെട്ട ന്യൂനപക്ഷ വോട്ടുകളുടെ നഷ്‌ടം നികത്താന്‍ ഈ നീക്കം സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
മുസ്ലീമിനും ക്രിസ്ത്യാനിക്കും പള്ളിയില്‍ പോകാം, ഹൈന്ദവ സുഹൃത്തുക്കളാരെങ്കിലും അമ്പലത്തില്‍ പോയാല്‍, നെറ്റിയില്‍ ചന്ദക്കുറിയിട്ടാല്‍ ഉടനെ അവര്‍ മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്നവര്‍ എന്ന സമീപനമുണ്ടാകുന്നുണ്ട്. ഈ സമീപനം മോദിയുടെ ഭരണം വീണ്ടും വരാനേ സഹായിക്കുകയുള്ളൂ എന്നായിരുന്നു എ.കെ.ആന്‍റണിയുടെ പ്രസ്‌താവന. കോണ്‍ഗ്രസിന്‍റെ 138-ാം ജന്മവാര്‍ഷികത്തിന്‍റെ ഭാഗമായി കെപിസിസി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു കേരള രാഷ്ട്രീയത്തില്‍ തുടര്‍ ചലനങ്ങളുണ്ടാക്കുന്ന ആന്‍റണിയുടെ ഈ പ്രസ്‌താവന.