തിരുവനന്തപുരം: കൊട്ടിഘോഷിച്ച ലൈഫ് മിഷന്‍ പദ്ധതി... ഹൈക്കോടതി ഉത്തരവ്... ഇതൊന്നും രാഷ്ട്രീയ താല്‍പര്യത്തിന് അതീതമല്ല.. തെളിവായി നമുക്ക് മുന്നിലുള്ളത് തിരുവനന്തപുരം സ്വദേശി ദമയന്തിയുടെ ജീവിതമാണ്... തിരുവനന്തപുരത്ത് എവിടെയാണ് വീട് എന്ന് ചോദിച്ചാല്‍, വ്യക്തമായ ഒരു മേല്‍ വിലാസം ദമയന്തിക്കില്ല. വളര്‍ന്നത് ശ്രീചിത്ര പുവര്‍ ഹോമില്‍. അവിടെ നിന്നും വിവാഹം കഴിഞ്ഞ് ഒരു ജീവിതമെന്ന സ്വപ്‌നം കണ്ടിറിങ്ങിയ ദമയന്തിക്ക് നേരിടേണ്ടി വന്നത് ദുരിതങ്ങള്‍ മാത്രം. സംരക്ഷിക്കുമെന്ന് വിശ്വസിച്ച ഭര്‍ത്താവ് ഉപേക്ഷിച്ചു. സ്വന്തമെന്ന് പറയാന്‍ ഒരു മകന്‍ മാത്രം. മകന് ഒന്നര വസയുള്ളപ്പോള്‍ തുടങ്ങിയതാണ് സ്വന്തമായൊരു വീടിന് വേണ്ടിയുള്ള പോരാട്ടം. മകന് ഇപ്പോള്‍ 15 വയസായി. തിരുവനന്തപുരം നഗരസഭാ പരിധിയില്‍ തൃക്കണ്ണാപുരം വാര്‍ഡിലാണ് ദമയന്തിയും മകനും വാടകയ്‌ക്ക് താമസിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്‍റെ ലൈഫ് മിഷന്‍ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ പ്രതീക്ഷയായി. സര്‍ക്കാര്‍ ഓഫീസുകള്‍ നിരന്തരം കയറിയിറങ്ങി. സ്വന്തമായി ഭൂമിയില്ലാത്തത് കൊണ്ട് നഗരസഭയുടെ ഫ്ലാറ്റിന് വേണ്ടി അപേക്ഷിച്ചു. എന്നാല്‍ വാർഡ് കൗണ്‍സിലറും ബിജെപി നേതാവുമായ അനിൽ കുമാറും മേയർ ശ്രീകുമാറും രാഷ്ട്രീയ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കി. ഇതോടെ ദമയന്തി ഹൈക്കോടതിയെ സമീപിച്ചു. അനുകൂല വിധി വന്നെങ്കിലും ചുവപ്പ് നാടയില്‍ ഒടുങ്ങാനായിരുന്നു വിധി. കൊവിഡ് പ്രതിസന്ധി കൂടിയായതോടെ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ചിന്തയിലാണ് ദമയന്തിയിപ്പോള്‍. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി രണ്ട് വട്ടം താല്‍കാലിക ജോലിക്ക് അവസരം ലഭിച്ചെങ്കിലും രാഷ്ട്രീയ ഇടപെടല്‍ മൂലം അതും നഷ്ടമായെന്ന് ദമയന്തി പറയുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന മകന് സുഹൃത്തുക്കളുടെ വീടുകളില്‍ പോയി ഓണ്‍ ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കേണ്ട സാഹചര്യമാണെന്നും ദമയന്തി പറയുന്നു.