തിരുവനന്തപുരം: ഗവർണർക്കെതിരെ പരസ്യ പ്രതിഷേധം സംഘടിപ്പിക്കാൻ എൽഡിഎഫ് തീരുമാനം. അടുത്തമാസം 15 ന് പ്രതിഷേധ കൂട്ടായ്‌മ എന്ന പേരിൽ രാജ്‌ഭവന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. ഈ മാസം 25 ന് ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ കൂട്ടായ്‌മ നടക്കും.
വിമർശിച്ചാൽ പുറത്താക്കും എന്ന ഗവർണറുടെ ഭീഷണി മുൻനിർത്തിയാകും പ്രതിഷേധം സംഘടിപ്പിക്കുക. രാഷ്‌ട്രീയമായി ഗവർണറെ നേരിടാനാണ് ഇന്ന് ചേർന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചത്. ഗവർണർ ആർഎസ്‌എസ് അജണ്ട നടപ്പിലാക്കുന്നു എന്നത് രാഷ്ട്രീയമായി തുറന്ന് കാട്ടാനാണ് ഇത്തരത്തിൽ ഒരു പ്രതിഷേധക്കൂട്ടായ്‌മയ്‌ക്ക് എൽഡിഎഫ് തീരുമാനിച്ചത്.
സർക്കാർ ഗവർണർ പോര് ഇപ്പോൾ അതിരൂക്ഷമായ നിലയിലാണ്. സർവകലാശാലകളിലെ വിസി നിയമനം മുതൽ പേഴ്‌സണൽ സ്റ്റാഫിന്‍റെ പെൻഷൻ തുടങ്ങി നിരവധി വിഷയങ്ങളിൽ ഗവർണർ സർക്കാരിനെതിരെ പരസ്യമായി വിമർശനമുന്നയിച്ചിരുന്നു. രാജ്‌ഭവനിൽ വാർത്താസമ്മേളനം നടത്തി മുഖ്യമന്ത്രി എഴുതിയ കത്തുകൾ അടക്കം പുറത്തുവിട്ടായിരുന്നു ഗവർണറുടെ വാർത്ത സമ്മേളനം.
ഇതിനു പിന്നാലെ മുഖ്യമന്ത്രിയും ഗവർണറുടെ പേര് പറഞ്ഞു തന്നെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഈ പോരാണ് ഇപ്പോൾ രാഷ്ട്രീയ പ്രതിഷേധത്തിലേക്ക് എത്തിയിരിക്കുന്നത്. ഗവർണർക്കെതിരെ പ്രത്യക്ഷമായി പ്രതിഷേധം സംഘടിപ്പിക്കാൻ നേരത്തെ സിപിഎം തീരുമാനിച്ചിരുന്നു.