തിരുവനന്തപുരം : കെ പി സി സി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്‌മരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് കേടായ സംഭവത്തിൽ പൊലീസ് ഇന്ന് കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. ഉപകരണങ്ങൾക്ക് തകരാറില്ലെന്ന ഇലക്‌ട്രോണിക്‌സ് വിഭാഗത്തിന്‍റെ റിപ്പോർട്ട് കൂടി ചേർത്താണ് കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുക. അയ്യങ്കാളി ഹാളിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി സംസാരിക്കുമ്പോൾ മൈക്കിൽ ഹൗളിങ് (ഉച്ചത്തിലുള്ള ശബ്‌ദം) ഉണ്ടായത് പൊതുസുരക്ഷയ്‌ക്ക് ഭീഷണി എന്ന കാരണം പറഞ്ഞ് 118 ഇ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്.
വട്ടിയൂര്‍ക്കാവ് തോപ്പുമുക്ക് കല്ലുമല റോഡില്‍ എസ് വി സൗണ്ട്‌സ് ഉടമ രഞ്ജിത്തിനെതിരെയാണ് സംഭവത്തിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തത്. എന്നാൽ കേസിന് പിന്നാലെ വിമർശനങ്ങളും പരിഹാസങ്ങളും ഉയരുകയും മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് തന്നെ തുടർനടപടികൾ പാടില്ല പരിശോധന മാത്രം മതിയെന്ന് നിർദേശം നൽകുകയും ചെയ്‌തു. മുഖ്യമന്ത്രിയ്‌ക്ക് മൈക്കിനെ പോലും ഭയമാണെന്ന രീതിയിൽ കോൺഗ്രസ് പരിഹസിച്ചതും ചടങ്ങിനിടെ കോൺഗ്രസ് പ്രവർത്തകർ ഉമ്മൻചാണ്ടിക്കായി ഉറക്കെ മുദ്യാവാക്യം വിളിച്ചതുമുൾപ്പടെ വിഷയം കൂടുതൽ വിവാദങ്ങളിലേയ്‌ക്ക് വലിച്ചിഴക്കപ്പെട്ടിരുന്നു.
Also Read : 'ഒന്നാം പ്രതി മൈക്ക് രണ്ടാം പ്രതി ആംപ്ലിഫയർ'; ജനങ്ങളെ ചിരിപ്പിച്ച് കൊല്ലരുതെന്ന് വി ഡി സതീശൻ
കേസിൽ പരിഹസിച്ച് കോൺഗ്രസ് : സംഭവത്തിൽ മൈക്ക് ഓപ്പറേറ്ററെ വിളിച്ച് വരുത്തി എഫ്‌ഐആർ കൂടി രജിസ്‌റ്റർ ചെയ്‌തതോടെ ഒന്നാം പ്രതി മൈക്കും രണ്ടാം പ്രതി ആംപ്ലിഫയറുമാണെന്ന രീതിയിലായി കോൺഗ്രസിന്‍റെ പരിഹാസം. അതേസമയം സംഭവത്തിൽ സ്വമേധയ കേസെടുത്തതാണെന്നാണ് കന്‍റോൺമെന്‍റ് പൊലീസിന്‍റെ വിശദീകരണം. എന്നാൽ, മൈക്ക് മനപൂർവം തകരാറിലാക്കിയതല്ലെന്നും മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ അവിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് കേബിള്‍ ആളുകളുടെ കാലിൽ കുരുങ്ങി ഉണ്ടായ തകരാറാണിതെന്നും ശബ്‌ദവിന്യാസ ചുമതല ഏറ്റെടുത്ത രഞ്ജിത്ത് പറഞ്ഞു.
വിവാദങ്ങൾ ബോധപൂർവമെന്ന് റിയാസ് : ആളുകളുടെ കാലില്‍ കേബിള്‍ കുരുങ്ങിപ്പോൾ സൗണ്ട് ബോക്‌സ് മറിയുകയും ഇതിനിടെ ഒരു ഫോട്ടോഗ്രാഫറുടെ ബാഗ് കണ്‍സോളിലേക്ക് വീണതുമാണ് തകരാറിന് കാരണമായതെന്ന് രഞ്‌ജിത്ത് വിശദീകരിച്ചു. അതേസമയം മൈക്ക് കേസ് കൃത്യമായ രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമാണെന്നും വിവാദങ്ങൾ ബോധപൂർവം ഉണ്ടാക്കിയെടുത്തതാണെന്നും മന്ത്രി മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ആയിരത്തിലധികം പൊലീസ് കേസുകൾ എടുക്കുന്നുണ്ട്. ഇതൊക്കെയും ആഭ്യന്തരവകുപ്പ് അറിഞ്ഞിട്ടാണോ എന്നും മുഖ്യമന്ത്രി ക്രൂരൻ ആണെന്ന് പ്രചരിപ്പിക്കാനുള്ള കരാർ എടുത്ത പ്രവർത്തനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.